കൊടുങ്ങല്ലൂർ 3-5-67
മൌലിസ്ഥാനമതിത്സുധാംശു വിതറും
പീയൂഷബിന്ദുക്കളാം
ചേലൊത്തൊന്നു വിടർന്ന പൂക്കളുമഹോ
കൊങ്കക്കുടം മൂടുവാൻ
മേലിട്ടീടിന ചട്ടയാമിലയുമായ് -
ക്കാട്ടപ്പയോടൊത്തിടും
ശൈലാധീശ്വരസന്തയിച്ചെറുചെടി-
യ്ക്കായിത്തൊഴുന്നേനഹം.
നന്ദ്യാ താങ്കളയച്ചുതന്ന "ഭഗവ-
ദ്ദൂതാം" മഹാനാടകം
നന്നായ്ക്കിട്ടി നമുക്കു കൌതുകവശാ-
ലീ രണ്ടു കണ്ണും സഖേ
ഒന്നായ്കെക്കെട്ടിമറിഞ്ഞ തദ്രസനദീ-
ദീർഘപ്രവാഹം വഴി-
യ്ക്കിന്നാരാൽ പ്രമദാബ്ധി പൂക്കു കരിമീ-
നാട്ടം തുടങ്ങുന്നു മേ.
രണ്ടു ബുക്കു നമുക്കായി-
ക്കൊണ്ടുതന്നതിലൊന്നു ഞാൻ
കൊണ്ടാടിയെൻ വലത്തേക്കൈ-
കൊണ്ടിടത്തേതിനേകിനേൻ.
മാഴ്കീടുന്നു ഭവദ്വിയോഗമതിനാൽ
ചിത്തം സഖേ! കാണുവാൻ
വൈകീടുന്നു ഭവാനെയെന്നലമല-
ട്ടീടുന്നു നേത്രങ്ങളും,
തൂകീടുന്നു ഭവാനൊടായ്പ്പറയുവാൻ
വേണ്ടുന്നവണ്ണ രസ-
ക്കൈകൂടുന്ന രസജ്ഞയും, കഴൽ കിഴ-
ക്കോട്ടയ്ക്കു നീങ്ങുന്നു മേ.
അല്ലേ മാമകമാനസാബ്ജനിലയേ!
ജായേ! വിരോധം കഥി-
യ്ക്കൊല്ലേ പോയിവരട്ടെയൊന്നു നടുവ-
ത്തെയ്ക്കച്ഛനെക്കാണുവാൻ;
ഇല്ലേ സമ്മതമെന്തിതിങ്ങിനെ വെറും
ദുർവ്വാശിഭാവം കണ-
ക്കല്ലേ നീയ്യകതാരിലുള്ള സമയ-
ത്തുണ്ടോ വിയോഗോദയം?
"വിഡ്ഢിത്വം പറയുന്നതല്ലടിയനീ-
ദ്ദുർവ്വാശിയില്ലിപ്പൊഴീ-
ക്കുട്ടിയ്ക്കുള്ളൊരു ദീനമൊട്ടു കുറവാ-
യിട്ടാശ്വസിച്ചീടുകിൽ
ഇഷ്ടമ്പോലിവിടുന്നെഴുന്നരുളിടാ
മെന്നല്ല പോകേണ്ടതാ-
ണൊട്ടും സംശയമില്ല സമ്മതമിനി-
യ്ക്കെ"ന്നോ കഥിയ്ക്കുന്നു നീ
അല്ലേ നടുവം മമ തര-
മില്ലേ തൽക്കാലമവിടെ വന്നിടുവാൻ;
മല്ലേക്ഷണയാളിങ്ങിനെ-
യല്ലേ പറയുന്നു കാര്യമാണല്ലേ?