Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 59

59

കൊടുങ്ങല്ലൂർ 19-4-67


രാവൊക്കയും പശുപനാരികൾ തന്റെസേവ
ഭാവിക്കയും പകലരണ്യതലത്തിലെല്ലാം
ഗോവർഗ്ഗമായതിനു പുല്ലുകൊടുക്കയും ചെ-
യ്താ വിശ്വവിശ്രുതവിടൻ വിജയം തരട്ടേ.


എന്നാൽ കോട്ടയമായതിൽക്കൊടിയതായ്-
ച്ചേരും സഭയ്ക്കുന്നു ചേർ-
ന്നെന്നാലായതുപോലെ ചിന്തിതമശേ-
ഷം നിർവ്വഹിച്ചേനഹം
എന്നാലും ഭവനാദിയാകിയ മഹാ-
ലോകങ്ങളില്ലായ്കയാൽ
നന്നായുള്ള രസക്കൊഴുപ്പു മതിയാ-
യില്ലെന്നതേയുള്ള മേ.


ചെമ്മേ സൽസഭകൂടിയോരുദിവസം
ശ്രീരാജരാജാഹ്വയൻ
'യമ്മേ' ചേർന്നൊരു ചേർച്ചയോടുമരിയോ-
രഗ്രാസനാദ്ധ്യക്ഷനായ്;
ഉന്മേഷത്തോടു ഞാൻ കടന്ന ഘടികാ-
വിംശൽപ്പരീക്ഷയ്ക്കു ചേർ-
ന്നമ്മേളത്തൊടു തോറ്റിടാതൊരുവിധം
പറ്റിച്ചിതറ്റംവരെ.


ശ്രീ സീതാപതിതൻ കൃപാഭരബല-
ത്താൽപ്പത്തു മിന്നിട്ടു മു-
മ്പാസാമാജികമദ്ധ്യസീമ്‌നിയെഴുതിത്തിർ-
ത്തേൻ മണിക്കൂറിലും
ഹേ സാരജ്ഞ! ധരിയ്ക്കണം പരമുവാ-
ണന്നെൻ ഗുമുസ്ഥൻ ജവാൽ
കേ. സീ. കേശവപിള്ളയെന്നുടയ മു-
മ്പായഞ്ചു മിന്നിട്ടിനും.


പിറ്റെന്നാളാറുമെട്ടുമ്മണിയിടയിലഹോ
ക്ലാസ്സു രണ്ടായ്ത്തിരിച്ചൂ
തെറ്റെന്നന്നാൾ കഴിച്ചേൻ മണിയിട തികവാ-
യഞ്ചിനാൽ നാടകം ഞാൻ;
തെറ്റെന്ന്യേ പിന്നെയഗ്രാസനപദവി വഹി-
പ്പിച്ചു നിർബ്ബന്ധനത്താൽ
മുറ്റും നന്ദിച്ചു മറ്റുള്ളവരതുമൊരുമ-
ട്ടെന്നു നാം നിർവ്വഹിച്ചൂ


പരമു കഴിച്ചൂ ലേഖന-
മുരു ജവമോടമെന്നതറിയേണം;
ഒരുകുറവവനില്ലെഴുതാൻ
തുരുതുരെയൊപ്പിച്ചുമാറിയാസകലം


എം. ചക്രപാണിവാരിയർ
നെഞ്ചൊക്കുമൊരുണ്ണിയെന്റെ ശങ്കുണ്ണി
തഞ്ചമൊടിവരുന്നാടക-
മഞ്ചാതൊപ്പിച്ച ചരമമാം ക്ലാസ്സിൽ.


അയ്യോ മറന്നു പോയീ
തിയ്യൻ കൃഷ്ണാഖ്യനായിടും വൈദ്യൻ
ഇയ്യുള്ളവരോടൊപ്പം
കയ്യുകടത്തിക്കഴിച്ചു കാര്യത്തേ.


കട്ടക്കയം കൊതിപെരുത്തു കടന്നുകൂടി
മുട്ടിക്കിടന്നു പകുതിയ്ക്കയി പിൻവലിച്ചു;
ഒട്ടുക്കു ചൊന്ന കഥയൊന്നു ഭഗീരഥൻ ഭൂ-
പൃഷ്ഠത്തിലംബാസരിത്തു നയിച്ചതാണ്.


ഏറെ വയ്മ്പിയലും പുന്ന-
ശ്ശേരിനമ്പി ബുധോത്തമൻ
ചേരുമഗ്രാസനം കേറി-
ച്ചാരു പിറ്റേദ്ദിനം സഖേ!


മുറയ്ക്കുന്നാൾ നാനാകവിവരരഹോ
തന്റെ ചാതുര്യവീര്യം
കുറയ്ക്കാതേ ചെയ്താർ പരിചുടയൊരാ-
സ്സൽപരീക്ഷാപ്രവേശം
കുറെക്കഷ്ണിപ്പിയ്ക്കുംപടി കഠിനമാം
ചോദ്യമായ്ത്തീർത്തമൂലം
തിരിക്കുമ്പോൾ തോറ്റാണധികമതിലാൾ
വന്നുകൂടാനെളുപ്പം.


അതിലും ചേർന്നു ഞാൻ, തോൽക്കാൻ
മതി മിക്കതുമെങ്കിലും
ധൃതിവിട്ടെഴുതിക്കൂട്ടി-
ദ്ധതിമൻ ജോലി തീർത്തുതേ.


അതുകൾ വലിയകോയിത്തമ്പുരാൻ, കോടിലിംഗ-
ക്ഷിതിപതി കവിരത്നം കൊച്ചുകൊച്ചുണ്ണി, സീ. പി.,
മതിബലനിധിയേട്ടൻതമ്പുരാൻതൊട്ടൊരേഴാൾ
ചിതമൊടു പരിശോധിച്ചെങ്കിലേ തീർച്ചയാവൂ.


നയമോടിവർ കണ്ടിനാംകൊടുപ്പാൻ
നിയമിയ്ക്കുന്നതിനും പിഴച്ചഭാഗം
അയി തള്ളുവതിന്നുമസ്സഭക്കാർ
നിയമിച്ചാണു പിരിഞ്ഞതന്നുതന്നെ.


നിറഞ്ഞുനില്ക്കും കവി വീരർ നന്നാ-
യറിഞ്ഞുതാൻ മംഗളപദ്യമന്തേ
പറഞ്ഞിതെന്നാലതിൽ രണ്ടു ഞാനി-
ട്ടെറിഞ്ഞിരുന്നേൻ പിരിയുന്നനേരം.


കോട്ടയത്തു ദിവാൻ പേഷ്കാർ
കോട്ടമറ്റിസ്സദസ്സിനെ
പുഷ്ടിയായ് സല്ക്കരിച്ചസ്സ-
ലഷ്ടിയും നൾകി മംഗളം