കൊടുങ്ങല്ലൂർ 14_3_67
കൊഴുത്ത കാകോളവിഷത്തെയൊന്നായ്
കഴിയ്ക്കുവാൻ കാന്തനശിച്ചിടുമ്പോൾ
വിഴുങ്ങിടൊല്ലെന്നുടനേ പിടിച്ചു
കഴുത്തിൽ ഞക്കുന്നവളേത്തൊഴുന്നേൻ.
തെറ്റാണന്നെഴുതാത്തതെന്നു വളരെ
പ്രാവശ്യമോതീലയോ?
മറ്റുള്ളോനതുകൊണ്ടുമാപ്പരിഭവം
തീരാത്തതെന്താണെടോ?
കുറ്റം ചെയ്തവർ മാപ്പുനൽകണമിനി-
യ്ക്കെന്നായപേക്ഷിയ്ക്കുകിൽ
പ്പററില്ലെന്നു പറഞ്ഞിരിപ്പതു മഹാ-
യോഗ്യന്റെ മട്ടാകുമോ?
അക്കാര്യം പോട്ടെയെന്തന്തയി കവികൾമണേ!
"കോട്ടയത്തേയ്ക്കു ഞാനി-
ല്ലിക്കാലം ജോലി മറ്റുണ്ടതിനുടെ പുറമേ
നോക്കിയാൽ ശക്തിയില്ല
ചൊൽക്കൊള്ളും ഭൂരിഭാഷാകവികടെ നടുവിൽ
ച്ചെന്നതിൽപ്പേരു നന്നായ് -
ക്കയ്ക്കൊള്ളാൻ, വേണ്ട ഞാൻ വേണ്ടവിടെയതു നട-
ക്കട്ടെ"യെന്നല്ലി ചൊല്ലീ.
അങ്ങില്ലെന്നാകിൽ ഞാനില്ലതിനുടെ പുറമേ
കൊച്ചുകൊച്ചുണ്ണിഭൂപൻ
മങ്ങില്ലെന്നോർത്തിടുന്നോ? മഹിതമതി മഹൻ
പിന്നെയുണ്ടാവതുണ്ടോ?
ഇങ്ങെല്ലാരും മടിച്ചാലരിയ "കവിസമാ-
ജ”ത്തിലീക്കൊച്ചിയിൽക്കാ-
രങ്ങില്ലാതായ് ഭവിയ്ക്കും പറയണമതു നൊ-
മ്മൾക്കു മാനത്തിനാമോ?
ചേരാൻ വയ്യ പരീക്ഷയിങ്കലവിടെ-
യ്ക്കെന്നാകിലോ വേണ്ട ഹേ
പോരാനിത്ര മടിച്ചിടുന്നതു സഖേ!
നന്നല്ല വല്ലെങ്കിലും;
ഏറെസ്സങ്കടമായ് ഭവിയ്ക്കുമിതു ഹാ
പത്രാധിപർക്കത്രയ-
ല്ലോരോ തെക്കർ കവീന്ദ്രരായ്പരിചയം
പറ്റുന്നതും തെറ്റിടും.
അല്ലാ! ഒന്നു മറന്നു ഞാൻ; വലിയ കോ-
യിത്തമ്പുരാൻ തന്നെയ-
ങ്ങുല്ലാസാൽ തവ കാണ്മതിന്നൊരുതരം
വേറിട്ടു കിട്ടീടുമോ?
എല്ലാങ്കൊണ്ടുമൊഴിച്ചിണ്ടേയി പുറ-
പ്പെട്ടാലുമല്ലാതെ ഞാ-
നില്ലായെന്നു പറഞ്ഞു കൊണ്ടു മടികാ-
ട്ടീടേണ്ട ദിക്കല്ലിത്.
പിന്നെക്കുഞ്ഞൻതമ്പാൻ
തന്നുടെ സേവക്കുമങ്ങു മടിയാതെ
അന്നു പുറപ്പെടുകെന്നേ-
നന്നാവൂ നോക്കു നല്ല രസമില്ലേ?
അച്ഛൻ കഴിഞ്ഞകൊല്ലം
വൃശ്ചികമാസം ത്രയോദശദിനത്തിൽ
ഛീ. ഛീ. കഷ്ടം മാസം
നിശ്ചയമാക്കുക ദിനം ദശ കുറച്ചും.
"വിദ്യാവിനോദിനി'യിലെൻ-
ഹൃദ്യമതേ! "വിക്രമോർവ്വശീയ''ത്തെ
അദ്യ മുറയ്ക്കച്ചിലിടാ-
നുദ്യോഗിച്ചേൻ കുറച്ചു കണ്ടില്ലേ?