കൊടുങ്ങല്ലൂർ 5_8_67
അയ്യോ ഞാനിറണാകുളത്തിലൊരുമാ-
സം വാണു ചുറ്റിത്തിരി-
ഞ്ഞിയ്യുള്ളോരവനുള്ള ജോലികൾ നട-
ത്തീടാതെകണ്ടങ്ങിനെ
പൊയ്യല്ലേ വെറുതേ കളഞ്ഞു ദിവസം
താങ്കൾക്കതാണുത്തരം,
കയ്യിപ്പോളതു പാർത്തു ഭൂസുര! വിറ-
ച്ചീടുന്നു പേടിച്ചു മേ.
അന്നാചന്ദ്രികയാട്ടവും കളികളും
വേറിട്ടഹങ്കാരവും
മിന്നിൻ നാഥനു വേണ്ട സംസ്കൃതമതിൻ-
പാഠം പഠിപ്പിക്കലും
എന്നല്ലേ മമ ദീനവും പലതുമായ്
കാലം വൃഥാ പോയതോർ -
ത്തിന്നും ഞാൻ വ്യസനിച്ചിടുന്നു കവിമാ-
ലാമദ്ധ്യമാണിക്യമേ!
മരുമകനയി തവ നാടക-
മൊരുവിധമച്ചടി നടത്തിടുന്നതിനായ്
സരസം കത്തുകൾ വകയിൽ
ഭരമെല്ലാമേറ്റു ഭാസുരഗുണാബ്ധേ.
പലപേർക്കു മെഴുത്തയച്ചതിന്നായ്
നലമോടുത്തരമേകിടേണ്ടമൂലം
വലുതാക്കിയെടുത്തിടാതെഴുത്തി-
ന്നലസത്വത്തൊടു ഹന്ത നിർത്തിടുന്നേൻ.
വർത്തമാനങ്ങളെല്ലാം ഞാൻ
വർദ്ധമാനയശോനിധേ!
വിസ്തരിച്ചെഴുതാം നാളെ
വിസ്തരിക്കുന്ന കത്തതിൽ