കൊടുങ്ങല്ലൂർ 15-മേ-66
കെല്പൊത്താർക്കനാട്ടക്ഷിതിപതിയൊരു മ-
ട്ടച്ചടിപ്പിച്ചതാമീ-
മേപ്പത്തൂർ ഭട്ടനുണ്ടാക്കിയ സരസമതാം
കൃഷ്ണദൂതപ്രബന്ധം
ഇപ്പോൾത്താനഞ്ചൽമാർഗ്ഗം തവ കരതലതാ-
രിങ്കലെത്തിയ്ക്കുവാനാ-
യിപ്പുത്തൻപത്രമോടും പെരിയ രസമൊടും
പെട്ടിയിൽപ്പോട്ടിടുന്നേൻ.
കുന്തിയെക്കണ്ടു ഗോവിന്ദ-
നെന്തെല്ലാമരുൾചെയ്തുവോ,
ഹന്ത താങ്കളതൌചിത്യ-
ചിന്തകൊണ്ടെഴുതീടണം.
അല്ലെങ്കിലങ്ങന്നു മരുത്തനോടു
വില്ലങ്കമാടീട്ടയി ഭാരതത്തിൽ
ഉല്ലാസമാർന്നീടിന കൃഷ്ണദൂത-
മെല്ലാം വരുത്തിച്ചഥ നോക്കിയാലും.
സഖേ! ഭവന്നന്ദനനിങ്ങു വന്നാൽ
സുഖേന യുഷ്മൽഭവനത്തിലേയ്ക്കായ്
അഖേദമെത്താമഹമിങ്ങു തയ്യാർ
സഖേലവാക്കല്ലിതു കല്യബുദ്ധേ!
സ്യമന്തകം നാടകമിങ്ങ കീർത്തി-
സമന്തികഞ്ഞേന്തിന പുണ്യമുർത്തേ!
അമാന്തമാക്കാതുടനിങ്ങയച്ചാ-
ലമന്ദബുദ്ധേ! പരമുണ്ടു കാര്യം
അത്രതന്നെയല്ല,
കല്യാണകീർത്തികലരുന്ന കവിയ്ക്കിഹോഷം-
കല്യാണചമ്പു പരിശോധന ചെയ്തയപ്പാൻ
തെല്ലല്ല കാലമിതു വൈകിയമാന്തമാക്കു-
കില്ലല്ലി താങ്കളതുമിങ്ങു തരാൻ സഖേ! മേ