കൊടുങ്ങല്ലൂർ 16-6-66
ഒന്നാന്തിയ്യതിയുച്ചയായ സമയം
കുണ്ടൂരു നാരായണൻ
മന്നൻ നമ്മുടെ രാജവിപ്രകവിരാ-
ജൻ രാമനീമൂന്നുപേർ
വന്നാരൊന്നു മറന്നുപോയി സുമതേ!
കര്‍ത്താവതാം കുഞ്ഞനും
ചിന്നും സൽക്കവിയെന്ന ഭാവമൊടഹോ
കാലത്തു വന്നെത്തിനാൻ.
എന്നാലും ഞാനവരേ
നന്നായെതിരേറ്റു സൽക്കരിച്ചില്ല;
എന്നുടെ ജോലിയൊഴിഞ്ഞിതി-
നൊന്നായിടയായതില്ല തൽക്കാലം.
കെല്പിനൊടു സർഗ്ഗമഞ്ചി-
യ്യൽഭുതരാമായണം കിളിപ്പാട്ടായി
ഒപ്പിയ്ക്കാതിഹ ഞാൻ താ-
ലപ്പൊലി കാണില്ലയെന്ന സത്യത്താൽ.
അറിയണമിരുപത്താറാം ദിനത്തിങ്കലുച്ച-
യ്ക്കൊരുവിധമിഹ വന്നേയുള്ള മുൻചൊന്ന"മൂലം"
സരസകവിമണേ! ഞാൻ പിന്നെയാണായതിന്നാ-
യ്പരിചിലയി തുടങ്ങിക്കൊണ്ടതിക്കണ്ടതിങ്കൽ.
മടിച്ചു പിന്നീടുമതിങ്കൽ വാശി
പിടിച്ചതില്ലാദ്ദിവസം വരയ്ക്കും
കടിച്ചു വല്ലാതെ കരണ്ടൊരറ്റം
പിടിച്ച നേരംമണി മൂന്നുമുട്ടി
കാത്തുള്ളിൽ കവിയൊത്തു സൽക്കവികളാ-
മീ നാലുപേരും രസം
ചേര്‍ത്തുള്ളോരു മമത്വമോടുമരിക-
ത്തക്കാലമിങ്ങെത്തിനാർ;
പേര്‍ത്തുള്ളന്തെളിയുമ്പടിയ്ക്കു പലതും
തമ്മിൽ പറഞ്ഞര്‍ക്കനാ-
നീര്‍ത്തുള്ളിയ്ക്കുകമേ മറഞ്ഞതുവരെ -
ക്കൂത്താടി പിന്നെസ്സഖേ!
രാത്രി വിളക്കും കണ്ടിതു
രാത്രിപനെതൃസിതയശോനിധേ! ഞങ്ങൾ
മാത്രപിരിയാതെ; രാജൻ
മാത്രം പോയീല, പോയി ശേഷം പേർ
നാളെയശനത്തിനായി-
ക്കേളിയെഴും കവികുലേന്ദ്ര! തവ ഭവാനേ
കേളിതു വരുവാൻ ഞാനൊരു-
നാളൊന്നിച്ചവിടെ നോക്കു കൂത്താടാം.
കുറ്റമെന്ന്യേ കുടുപ്പിള്ളി
മാറ്റിയാൻ വിട്ടുപോന്നു തേ
മുറ്റുന്നോക്കിതിലും ദോഷം
പറ്റീലെന്നു രസിച്ചിടാം.
നന്ദിച്ചു നാളെത്തവ പാർശ്വഭാഗേ
വന്നിട്ടു ചൊല്ലാമിനി വര്‍ത്തമാനം;
ഇന്നത്ര ചൊവ്വല്ലിഹ സന്ധ്യയായി,
പിന്നെക്കുഴക്കാമുടനഞ്ചൽ കെട്ടും.