Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 1

നടുവത്തു അച്ഛൻനമ്പൂതിരി അവർകൾക്ക് - 1

കൊടുങ്ങല്ലൂർ 1065-12-12


തെറ്റിപ്പോയി. ഭവാന്റെ നല്ലൊരു സമ-
സ്യാപൂരണം സമ്മതം
ചെറ്റും ഞാൻ തവ വാങ്ങിടാതുടനെടു-
ത്തൊന്നച്ചടിപ്പിച്ചുപോയ്;
മുറ്റും സൽക്കവിവീരരായതു സഖേ!
കേൾ പൂരണം ചെയ്തു തൽ-
കുറ്റം മാപ്പുതരേണമയ്മ്പൊടിതുടൻ
വായിയ്ക്കയും ചെയ്യണം.


"വിക്ടോറിയാചരിത സംഗ്രാഹ" തർജ്ജമയ്ക്കു-
മുൾക്കൊണ്ടു് തെല്ലു മുഷിയേണമവര്‍ക്കുവേണ്ടി;
കേൾക്കേണമാഴ്ചയതിലുണ്ടൊരെഴുത്തിനിക്കാ-
യിക്കാര്യമായതിനു ജാഗ്രത ചെയ്യുവാനും.


ചിന്നും കേരളഭാഷയാകിയൊരു മു-
ത്തുശ്ശിപ്പിയിൽ തന്നെ മൂ-
ത്തൊന്നുങ്കൂടി വിളങ്ങിടുന്ന കവിതാ-
നന്മത്തു നേടും കവേ!
എന്നും താങ്കളുമായിയുള്ള സഹവാ-
സത്തിന്നു മോഹം നമു-
ക്കിന്നും നാളെയുമാകിൽ നാളെയധികം
നിത്യക്കണക്കാണിത്.


അങ്ങയ്ക്കു ദീനമിവിടയ്ക്കു വരേണമെന്നു
ഭംഗിക്കു ഞാൻ പറകിലും ഫലമാകയില്ല;
ഞങ്ങൾക്കുമിന്നു "ഭജനം"; വരുവാൻ പ്രയാസം;
പൊങ്ങിക്കഴിഞ്ഞിടണമീവിധമൊട്ടു കാലം. 4


ആട്ടേ "കുണ്ടൂരു നാരായണകവി'യരികിൽ
തന്നെയില്ലേയൊരാളെ-
വിട്ടേയ്ക്കാ ചാരു "വിക്ടോറിയചരിത'മുടൻ
തര്‍ജ്ജമക്കായ് ശ്രമിയ്ക്കാൻ?
പോട്ടേ പത്രാധിപര്‍ക്കിപ്പണി ബഹുരസമാ-
ണെങ്കിലവ്വണ്ണമായി-
ക്കോട്ടേ നോക്കെന്തു ചേതം കവിവര! പരമീ-
ത്തർജ്ജമയ്ക്കോ ഞരുക്കം?


കത്തു കിട്ടിയതിനുത്തരം ഭവാ-
നോര്‍ത്തു കെട്ടി വടിവോടു പദ്യമായ്
കീര്‍ത്തികേട്ട കവിവര്യ! നൾകുകി-
ങ്ങാര്‍ത്തികെട്ടിമറിയുന്നു കാണുവാൻ.