Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 176

176 കവിസമാജത്തിന്നു്

യോഗ്യന്മാരായനെകം ഗുണമുടയ കവി-
പ്രൌഢരേ! നിങ്ങളോടീ-
ഭാഗ്യം വേർവിട്ടിരിയ്ക്കും നടുവധരണിഗീര്‍-
വ്വാണനൊതുന്നിതല്പം
യോഗത്തിൽ ചേർന്നുകെൾവാൻ തരമിവനു ലഭി-
ച്ചീല ദീനത്തിനാലാ-
ഭാഗം പൊട്ടേ ഭവാന്മാരുടെയൊരു കൃപയാ-
വശ്യമാവോളവും മേ


എന്നാൽ വൈകാതെ കണ്ടിന്നിയുമവിടെയിതിൻ-
വണ്ണമുണ്ടാം സമാജം-
തന്നിൽ ച്ചേരുന്നതിന്നും സകലകവികളെ-
ക്കണ്ടു കൊണ്ടാടുവാനും
വന്നീടും യോഗമെന്നിങ്ങനെ മനസി സമാ-
ധാനമോര്‍ത്തിങ്ങുപാരം
നന്ദ്യാ വാഴുന്നു കുന്നിൻമകളുടെ കൃപയു-
ണ്ടെങ്കിലുണ്ടോ ഞരുക്കം.