കിട്ടി നിങ്ങളവിടുന്നയച്ച ന-
ന്മട്ടു ചേർന്ന തവ നാടകം സഖേ!
പിട്ടു ചൊല്ലുകയതല്ലെഴുത്തിൽ ഞാൻ
വിട്ടുപോയിയതു ചേർത്തയയ്ക്കുവാൻ.
ഹൃദ്യത്വമാർന്ന തവ നാടകമാകമാന-
മുദ്യൽ പ്രമോദമൊടു നോക്കി രസിച്ചു പാരം
പദ്യത്തിലുള്ള തവ ധോരണിപോലെതന്നെ
ഗദ്യത്തിലും പറയുകിൽപ്പരമുണ്ടലക്ഷ്യം.
മംഗളകീര്‍ത്തേ! നാടക-
മങ്ങോട്ടെയ്ക്കിപ്പൊൾ ഞാനയയ്ക്കുണമോ?
ഇങ്ങിനെയിവിടെയിരുന്നാ-
ലിങ്ങിടപോലൊന്നുകൂടി വായിക്കാം.
പത്രാധിപര്‍ക്കു ചെറുതാമയമെന്നു നിങ്ങ-
ളത്രാഗമിച്ച സമയത്തുരചെയ്തുവല്ലോ;
ഉൾത്താരിലില്ല സുഖമിപ്പൊഴുതായതിന്റെ
വൃത്താന്തമൊന്നുമറിയാൻ കഴിയായ്കമൂലം.
യാത്രാചരിത്രമൊടുവിൽ ചേര്‍ത്തൊന്നിച്ചച്ചടിക്കണം
പത്രാധിപരിരിക്കുമ്പോളിത്ര ഞാനെഴുതേണമോ?
വാച്ചിന്നു വന്നു വാങ്ങിച്ചുവാച്ചസന്തോഷമോടുഞാൻ
തീര്‍ച്ചയായിതു കിട്ടാൻ ത്വദേഴ്ചയൊന്നാണു കാരണം
നിങ്ങൾജീവിച്ചിരുന്നെങ്കിലിങ്ങുവാച്ചെത്തുമീവിധം
ഭംഗിയിൽ ചെയ്ത ശപഥം ഭംഗം കൂടാതെയായ് സഖേ!
മുക്കാലുരൂപ കൂലിക്കായ് റൊക്കം താങ്കളയച്ചത്
ഒക്കെസ്റ്റാമ്പായിയെത്തിച്ചാലൊക്കുമോ? തെറ്റുപറ്റുമോ?
അല്ലെങ്കിൽ മണിയാർഡാക്കാനില്ല വൈഷമ്യമേതുമേ
എല്ലാംമരുകുറിപ്പിൽത്താൻ ചൊല്ലിയാലതുപോലെയാം
ബാലഭാരതമാം കാവ്യം മൂലമൊന്നു ലഭിക്കുവാൻ
ചേലോടദ്ദിക്കിലെങ്ങാനുമാലോചിച്ചാൽ നടക്കുമോ?