Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 173

173 കിഴക്കില്ലത്തു് മഹൻ നമ്പൂതിരിക്കു്

തഴയ്ക്കുംപ്രമോദാലിനിക്കായിദാനീം
കിഴക്കില്ലമെത്തിച്ച പദ്യങ്ങളെല്ലാം
വഴക്കറ്റു വായിച്ചു ഞാൻ നൃത്തമാടീ
മഴക്കാറുകണ്ടുള്ള മൈലെന്നപോലെ.


അമ്മോപദേശമതിലാഭഗവൽസ്തവത്തേ
നിര്‍മ്മായമായൊടുവിലങ്ങിനെ ചേര്‍ത്തമൂലം
സമ്മോദമാര്‍ക്കുമുളവാക്കുമതെന്നു തന്നെ-
യെന്മാനസത്തിൽ നിരുപിച്ചു വസിച്ചിടുന്നു.


അച്ഛനും ഞാനുമായിട്ടുള്ളച്ഛന്നസ്നേഹമോര്‍ക്കുകിൽ
നിശ്ചലാത്മൻ! ഭവാനും ഞാൻനിശ്ചയം മിത്രമല്ലയോ?


മഹാഭാഗ്യരാശേ! ഭവാനോടു പഥ്യം
മഹീദേവ! പാരം കൊതിക്കുന്നു ഞാനും;
മഹൻ തീര്‍ത്ത ബുക്കൊന്നു നൾകുന്നു താങ്കൾ-
ക്കഹം; വാങ്ങി വായിച്ചു നോക്കീടുമല്ലോ.


കത്തും ബുക്കും ഭവാൻതന്റെ കൈത്തലത്തിങ്കലെത്തിയാൽ
ഉത്തരം തീര്‍ത്തയക്കേണം സത്വരം സൽഗുണാംബുധേ!


പടുവായ കിഴക്കില്ലം വടിവോടു ധരിക്കുവാൻ
നടുവം തീര്‍ത്തയക്കുന്ന വിടുവിഡ്‌ഢിത്തമാണിത്.