പൂര്‍ണ്ണത്രയീശകരുണാവരുണാലയത്തിൽ
പൂര്‍ണ്ണെന്ദുവായി വിലസുന്ന ഭവാനിവണ്ണം
പൂര്‍ണ്ണപ്രമോദമിളകാതിള കാത്തനേക-
പൂര്‍ണ്ണാബ്ദമൂഴിയിലിരുന്നരുളീടവേണം.
ലോകേന്ദുവാണെന്നു ഭവാനെ നേരേ
ലോകം പുകൾത്തുന്നതിനുള്ള മൂലം
ഹാ കണ്ടു ഞാൻ നല്ലൊരു യുക്തിയുക്ത-
മാകുന്നു പാര്‍ത്താലതിനുള്ള സാരം.
സദ്വൃത്തനോര്‍ത്താൽ ശശിയും ഭവാനു-
മുദ്യൽ കലാപൂര്‍ണ്ണതയും സമാനം
ഇത്യാദിയോരോന്നു നിനച്ചിടുമ്പോൾ
വ്യത്യാസമെന്തുള്ളതു നിങ്ങൾതമ്മിൽ.
എപ്പോഴും കണ്ടുകൊൾവാനവസരമതുകി-
ട്ടായ്ക്ക, കാത്തേറെനിന്നി-
ട്ടുൾപ്രീത്യാ കണ്ടുവെന്നാലവനതിനു ഫല-
പ്രാപ്തി വൈകാതെതന്നെ
ഇപ്പാരിന്നുള്ളതാപപ്രശമനകരണം
വിഷ്ണുപാദാശ്രയം തൊ-
ട്ടിപ്പോളെന്താണു ഭേദം നൃവരവര! ഭവാ-
നും നിശാനായകന്നും
പോരാ ദൂരത്തിരിപ്പേങ്കിലുമഖിലജന-
ങ്ങൾക്കു സന്തൊഷമെകി-
പ്പോരുന്നൊരീസ്വഭാവം കുവലയഭരണ-
ത്തിങ്കലത്ത്യന്തസക്തി
ആരും നേരിട്ടുകാണുംപൊഴുതൊരു ബഹുമാ-
നിയ്ക്കലേന്നാദിയായി-
ട്ടോരൊന്നൊരുമ്പൊഴും നൽശശി തവ സമനാ-
ണെന്നു കാണുന്നുവല്ലൊ.
എന്നല്ലീരാജനാമം സകലജനമനോ-
മോദമേകുന്നാരംഗം
പിന്നെസ്സർവ്വജ്ഞചൂഡാമണിപദവി ലഭി-
ച്ചിട്ടിരിക്കുന്ന കാര്യം
മന്നെല്ലാടം പതിയ്ക്കുന്നൊരു മൃദുതരമാ-
മക്കരംകൊണ്ടു ലോകര്‍-
ക്കെന്നും സന്തോഷമെന്നീവകകളുമിവിടെ-
യ്ക്കും ശശിയ്ക്കും സമാനം.
ലക്ഷ്മീശനൊടാണിവിടയ്ക്കു സാമ്യം
സൂക്ഷ്മം നിനച്ചീടുകിലെന്നിവണ്ണം
പക്ഷംചിലര്‍ക്കുള്ളതു യുക്തമൊര്‍ത്താ-
ലക്ഷീണകീര്‍ത്തേ! പറയാമതും ഞാൻ.
തൃക്കയ്യിൽ ശഖചക്രം വിരവൊടു വിലസു-
ന്നുണ്ടു; ഭൂമീപതിത്വം
നോക്കുമ്പോളുണ്ടു; പണ്ടേ വിബുധരിലധികം
പ്രീതിയുണ്ടുൽക്കുരുന്നിൽ;
ദുഷ്പമ്മം ചൈതുപോരുന്നവരൊടു വളരെ
ദ്വേഷമുണ്ടെന്നിതെല്ലാ-
മോര്‍ക്കുമ്പോളെന്തു ഭേദം പറവതിനിവിട-
യ്ക്കും രമാനായകന്നും