Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 169

169 കോട്ടയത്തു തമ്പുരാന്

കോട്ടമറ്റകവേ!സാക്ഷാൽ കോട്ടയത്തവനീപതേ!
ഇഷ്ടമേറെബ്ഭവാനെന്നിൽ പെട്ടതോര്‍ത്താൽ കൃതാര്‍ത്ഥിഞാൻ


ചൊല്ലേറും കവികൾക്കലങ്കരണമാം
പൊന്നും കിരീടോജ്ജ്വലൽ-
കല്ലേ! താവകസൽഗുണങ്ങൾ ചെവിയിൽ
കേട്ടന്നുതൊട്ടേഷ ഞാൻ
അല്ലേ വേഴ്ച വരേണമെന്നുകരുതി-
പ്പാര്‍ക്കുന്നു മേ ഭംഗിവാ-
ക്കല്ലേ സത്യമിതുത്തമോത്തമ! ഭവാൻ
പ്രത്യേകമോര്‍ത്തീടണം.


മുന്നം മാമകമാനമറിയാൻ
തങ്കച്ചി ചോദിയ്ക്കയാ-
ലൊന്നിച്ചങ്ങിനെ പദ്യമാക്കി വിവരം
പത്രത്തിലെത്തിച്ചു ഞാൻ
ധന്യശ്രീ വിലസും ഭവാനതഖിലം
കാണ്മാൻ തരംവന്നിടും
പിന്നീടെന്തിനുരച്ചിടുന്നു നൃപതേ!
രണ്ടാമതുണ്ടോ ഫലം.