Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 163

163 റെഡ്ഡിയാര്‍ക്ക്

ഒന്നായ് പാമരപണ്ഡിതപ്രഭൃതികൾ-
ക്കേറ്റം രസിച്ചീടുവാ-
നൊന്നാണൂഴിയിലെന്നുതന്നെ പറയാ-
മദ്ധ്യാത്മരാമായണം
എന്നാലായതിവണ്ണമിന്നയി ഭവാൻ
സ്ഥൂലാക്ഷരത്തിൽ പരം
നന്നായച്ചടിചെയ്തതെത്ര സുഖമായ്
പാരായണം ചെയ്യുവാൻ.


ബാലനും വൃദ്ധനും ദൃഷ്ടിക്കാലസ്യമുടയോനുമേ
മാലില്ല നോക്കുവാൻ നല്ല ചേലുണ്ടക്ഷരപുഷ്ടിയാൽ


പാരാതംബരമദ്ധ്യത്തിൽ താരാജാലം കണക്കിനേ
നേരായ് ബുക്കിൽ സുവർണ്ണങ്ങൾ ധാരാളം മിന്നിടുന്നുതേ.


പിഴയില്ലക്ഷരങ്ങൾക്കുണ്ടഴകേറ്റവുമാകയാൽ
വഴിയേ ബുക്കിതെല്ലാം വിറ്റഴിയാനും തരംവരും.


കുഞ്ചൻ നമ്പ്യാരനേകം കഥകൾ കവിതയിൽ
തുള്ളലാക്കിച്ചമച്ചൂ
തഞ്ചം ചേരും ഭവാനാക്കൃതികളഖിലവും
ചേര്‍ത്തുവച്ചച്ചടിച്ചൂ
കിഞ്ചിൽ സന്ദേഹമില്ലീശ്രമമതു വളരെ
ശ്ലാഘനീയം നിനച്ചാൽ
താഞ്ചൈവാനില്ല പാര്‍ത്താലിതിലുമധികമാ-
യിട്ടു ലോകോപകാരം.