Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 160

160 ഇക്കുത്തമ്പുരാനു്

മന്ത്രേടത്തു മഹീസുരേന്ദ്രരിവിടെ
പ്പോകും വഴിയെത്രയും
സന്തോഷത്തോടു വന്നുകേറിയരുളി-
ച്ചെയ്തുള്ളുദന്തങ്ങളെ
ചന്തത്തോടുരചെയ്തുകേട്ടസമയം
ഞാനോര്‍ത്തു സത്തുക്കളിൽ
ചിന്തും സൌഹൃദമെത്രനാൾ കഴികിലും
പോകാത്തതെന്നിങ്ങിനേ.


എല്ലാനേരവുമീശ്വരസ്മരണയ-
ല്ലാതിന്നു മറ്റൊന്നിലും
ചെല്ലാതില്ലവിടെയ്ക്കെഴും തിരുമന-
സ്സെന്നങ്ങു കേൾക്കുന്നു ഞാൻ
കല്യാണാലയനായിടുന്ന ഭഗവാൻ
പൂർണ്ണത്രയീശൻ കനി-
ഞ്ഞല്ലാതിങ്ങിനെ ബുദ്ധിയാര്‍ക്കുമൊരു കാ-
ലത്തും ജനിച്ചീടുമോ?


ഏതാനും ചില ദുഷ്കൃതങ്ങളറിയാ-
തേകണ്ടു വന്നീടിലും
സേതുസ്നാനവശാലതിന്നു ശമനം
വന്നീടുമെന്നിങ്ങിനെ
ചേതസ്സിങ്കലുറച്ചുകൊണ്ടു സകുടും-
ബം താനെഴുന്നെള്ളി നൽ-
പ്രീതിയ്ക്കാത്തവിധം നടത്തിയിതുപോ-
ലാര്‍ക്കുള്ളു ഭാഗ്വോദയം.


കാണേണം തിരുമേനിയെന്നു വളരെ-
ത്താല്പര്യമുണ്ടെങ്കിലും
കാണിയ്ക്കും സുഖമില്ല ദീനമതുകൊ-
ണ്ടെന്താണു പിന്നെപ്ഫലം
ക്ഷീണം പാരമിനിയ്ക്കതല്ല വളരെ
പ്പഥ്യങ്ങളുണ്ടേവമോര്‍-
ത്താണങ്ങോട്ടു വരാത്തതെന്നു വിനയ-
ത്തോടിന്നുണർത്തുന്നു ഞാൻ .