Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 158

158 ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോനു്

ഒടുവിലുദിതമോദം വാണിടും കൃഷ്ണമേനോ-
നുടുപുടയരുളിക്കെക്കൊണ്ട ചിന്നമ്മുവോടും
കടലവനിയെമുക്കും നാൾവരയ്ക്കും സുഖിപ്പാൻ
കടമിഴി കനിവോടേകീടണം കുഞ്ജനാഭൻ.


മുന്നം വരിച്ച വരവര്‍ണ്ണിനി ചാമ്പലായി
ച്ചിന്നമ്മുതന്നൊടൊടുചേർന്നൊരു കാരണത്താൽ
അന്നഗ്നിയിൽ സതിദഹിക്കുകയാൽ മഹേശൻ
കുന്നിൻകുമാരിയോടുചേർന്നതൊരോര്‍മ്മയാക്കി.


158 കുണ്ടൂർ നാരായണമേനോന്


നേരായമാഗ്ഗമകലത്തു കളഞ്ഞ കള്ള-
ന്മാരായ ദുഷ്ടരെയമര്‍ത്തി വിധിപ്രകാരം
പാരായതിന്റെ പരിരക്ഷയിൽ ദീക്ഷയാർന്ന
നാരായണൻ തുണയിനിയ്ക്കിനിയുള്ള കാലം.


കുണ്ടൂരെഴും മത്സഖ! പദ്യമെല്ലാം
കണ്ടൂ രസംപൂണ്ടു നമുക്കു പാരം
പണ്ടൂരകത്തമ്മ കനിഞ്ഞ ഭാഗ്യ-
മുണ്ടൂറി നില്ക്കുന്നു ഭവാനിലിന്നും.


അല്ലെങ്കിലേവം ഗുണമുള്ള പദ്യം
വല്ലെങ്കിലും വല്ലവരും ചമപ്പാൻ
വില്ലങ്കമിട്ടാലുമകക്കുരുന്നിൽ
തെല്ലങ്കുരിപ്പായ്‍വതിനെന്തു ബന്ധം.


പാരൊക്കയും പുകളെഴും സുകവേ! ഭവാനിൽ
കൂറോര്‍ക്കിലുണ്ടിവനതോര്‍ത്തുരചെയ്തതല്ല
ഏറെക്കിടന്നു ഞളിയും കവി സാര്‍വ്വഭൌമ-
ന്മാരൊക്കയിന്നയി ഭവാനു സലാം തരേണം.


കാണിയ്ക്കുമാടലണയാതെ ഭവാൻ ചമച്ചു
കാണിയ്ക്കുമാൿകൃതികളങ്ങിനെ കണ്ടിടുമ്പോൾ
നാണിയ്ക്കണം കവികളെന്നൊരു പക്ഷപാതം
വാണിയ്ക്കുമുണ്ടയി ഭവാനിലതെന്നു തോന്നും.


മല്ലാരിതന്റെ കൃപകൊണ്ടിവനെന്നുമാത്ര-
മല്ലാരിലും പറയുവാനഴലൊന്നുമില്ല
നല്ലോരു ഗീത മുതലായ് ഭഗവൽപ്രിയത്തി-
ന്നുള്ളോരു മാര്‍ഗ്ഗമതിലാശയമെപ്പൊഴും മേ


അതുകാരണമായിട്ടു പുതുകാവ്യം ചമയ്ക്കുവാൻ
മതി ചായുന്നതില്ലൊട്ടുമിതുകാലം മഹാമതേ!


എടുത്തുവായിച്ചു ഭവാൻ വിശേഷാ-
ലടുത്തു താഴത്തെഴുതുന്ന പദ്യം
ഇടത്തുഭാഗത്തിനു നോക്കുവാനായ്
കൊടുത്തിരിക്കൂ മറുകത്തയക്കൂ.