ശങ്കവിട്ടു പുരവൈരിയോടു ചെ-
ന്നങ്കമിട്ടൂടൽ പകുത്തെടുത്ത നീ
എങ്കലിഷ്ടമരുളാൻ തൊഴുന്നു ഞാൻ
നിങ്കഴല്ക്കു നിടിലാക്ഷവല്ലഭേ!
തനയനുടെ വിയോഗംകൊണ്ടു സന്തപ്തമാകും
മനമതിലൊരുലേശം സൌഖ്യമില്ലായ്കമൂലം
അനവധി ദിനമായീ വര്‍ത്തമാനം ഭവാനോ-
ടനുപമഗുണരാശേ! ഞാനുണര്‍ത്തീട്ടു കഷ്ടം.
ഇതുമാത്രവുമല്ല പാര്‍ത്തിടുമ്പോ-
ളതിമാത്രം വ്യസനീയമൊന്നു വേറെ
ഹിതമിത്രമണേ! ഭവാനിലുണ്ടാ-
യതുമോര്‍ത്തിങ്ങിനെ കുത്തിരുന്നുപോയി.
തിരുവനന്തപുരത്തിൽ വരുന്നതി-
ന്നൊരുവിധത്തിലുമാവുകയില്ല മേ
വിരവിലഷ്ടമിനാളതിൽ വയ്ക്കുമാം
പുരവരം ത്വദലംകൃമാകുമോ?
എന്നാലവിടം തന്നിൽവന്നാലെന്റെ മനോരഥം
ഒന്നാലാക്കിനു സാധിയ്ക്കാമെന്നാലോചിച്ചടുന്നുഞാൻ
അത്രയല്ല പുരമാഥ!വന്ദന-
യ്ക്കിത്ര നല്ല ദിനമില്ല നോക്കിയാൽ
തത്ര വല്ലവിധമെത്തിടാം മഹാ-
സത്രമല്ലലതു പാര്‍ക്കിലുണ്ടുമേ
മറുവടിതരണം മേ മഞ്ജുപദ്യങ്ങളായി-
ത്തരമൊടതിനുവേണ്ടിത്താണപേക്ഷിച്ചിടുന്നു
ഒരുമടിയതിനിപ്പോൾ സേവനാമെന്റെ നേരേ
തിരുവടികരുതില്ലെന്നോർത്തുഞാൻ പാര്‍ത്തിടുന്നു.
അന്യാപദേശമൊരുപുസ്തകമേകുവാൻ ഞാൻ
മുന്നേ കഥിപ്പതിനു തീരെ മറന്നുപോയി
എന്നാലതും കരുണയൊടവിടുന്നയച്ചു
തന്നാലതിന്റെ വഴിനോക്കി മനസ്സിലാക്കാം.