Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 156

156 ഒളപ്പണ്ണ നമ്പൂതിരിപ്പാട്ടിലേക്കു്

തന്നെ കാന്തള്ളൂരമരുംദേവൻ കാന്തിമാൻ കമലേക്ഷണൻ
സന്താപം സകലംതീര്‍ത്തു സന്തതം തരണം ഗുണം


ഇല്ലത്തു വന്നുപോയിട്ടു കൊല്ലമൊന്നായിയെങ്കിലും
കില്ലില്ലിന്നലെയെന്നോണമുള്ളിലോര്‍ക്കുന്നു ഞാനത്


ഞാനങ്ങോട്ടു വരേണമെന്നു നിരുപി-
ച്ചീടുന്നതുണ്ടെങ്കിലും
ദീനംകൊണ്ടു നിനച്ചപോലെ കഴിവ-
ന്നീടുന്നതില്ലൊന്നുമേ
യാനം ദൂരെയശക്യമാണിവനതെ-
ന്നുണ്ടാകിലും രണ്ടുനാ-
ളാനന്ദത്തൊടു വാണിടേണമൊരുമി-
ച്ചെന്നുണ്ടിനിക്കാഗ്രഹം


ഒറ്റപ്പാലം വരേ വന്നു പറ്റാം തീവണ്ടികേറിയാൽ
ചിറ്റലാണവിടം വിട്ടാലേറ്റവും വഴി ദുര്‍ഘടം


സ്വാപത്തിലും വലിയ സങ്കടമാര്‍ക്കുമേകു-
മാപത്തുവന്നു പുനരൊന്നവിടെയ്ക്കതോര്‍ത്ത്
ആപാദമസ്തകമിനിക്കു വിറച്ചു ദൈവാ-
ലാപാദിതം സകലവും സഹനീയമല്ലോ


ശോകങ്ങളൊന്നുമണയാതെയിരിപ്പതിന്നും
വൈകാതെ കണ്ടവിടെവന്നണയുന്നതിന്നും
വൈകുണ്ഠനാഥനുടെ ചാരുപദാരവിന്ദ-
മാകുന്നവണ്ണമകതാരിൽ നിനച്ചിടുന്നു.