എന്തോഴ! ശങ്കുണ്ണി! ഭവാന്റെ വാക്കു
സന്തോഷം; മെന്നിൽ പരമുണ്ടമാന്തം
വെന്തോക്കിൽ നീറുന്നു മനം മദീയ-
മെന്തോ ഞരുക്കം കവിതാപ്രയോഗം.
പുത്രൻ മരിച്ചതുമുതൽക്കു സഖേ! നമുക്കു
പത്രത്തിലേറെയെഴുതാൻ കഴിയുന്നതില്ല
ചിത്രംകണക്കിലിളകാതിരുന്നു ഹന്ത
ചിത്രം നിനച്ചിടുകിലീമമതാപ്രതാപം.
എന്നല്ല പാര്‍ത്താലിഹലോകവാസം
നന്നല്ല പാരം പുനരെന്നിവണ്ണം
എന്നുള്ളിലോര്‍ക്കുന്നു ചിലപ്പൊഴീഞാൻ
വന്നുള്ളസന്താനവിനാശമൂലം
കണ്ടാലെന്നല്ല കാര്യത്തിനുമമലമതേ!
നന്മ മെന്മേലിണങ്ങി-
ക്കൊണ്ടാനന്ദിച്ചിരുന്നിടിന മകനുടെ വേര്‍-
വ്വാടതിൻ ചൂടുമൂലം
ഉണ്ടാകുന്നില്ലൊരുത്സാഹമതൊരു സമയ-
ത്തിങ്കലും ഞാനതാണീ
മിണ്ടാതേ കണ്ടിരിപ്പാനതിനുടെ പുറമേ
തീരെ വിട്ടില്ല ദീനം
രാവോര്‍ത്താൽ മണിമൂന്നടിയ്ക്കുമളവിൽ
സ്നാനം പുലർന്നുണ്ടിടാ-
റാവോളം നിജദൈവകാര്യ, മശനം
ചെയ്തിട്ടതിന്നപ്പുറം
താവും ഭക്തിയോടൊത്തു ഭാഗവതസൽ-
പാരായണം സൽഗതി-
യ്ക്കേവം കൃത്യമെടുത്തു നിത്യത കഴി-
ച്ചീടുന്നു ഞാൻ തോഴരേ!
അല്ലാത്തതൊന്നുമകതാരതിലൊട്ടുമിഷ്ട-
മല്ലാതെയായി തനയന്റെ വിയോഗമൂലം
അല്ലേ സഖേ! വ്യഥയൊടിങ്ങിനെ നാൾകഴിപ്പാ-
നല്ലേ നിനച്ചിടുകിലീശ്വരകല്പിതം മേ.
പാരംമൂത്തതു വിത്തിനു തീരെക്കൊള്ളില്ലതെന്ന വൃദ്ധമൊഴി
ഓരാതെൻകൃതിവിത്തിനു സാരള്യം ചേർത്തതത്രശരിയായോ
നോക്കുമ്പൊളെൻ കൃതികളാകിയ വിത്തു നന്നെ-
ന്നോര്‍ക്കുന്നതെന്തതുകൾ മൂത്തുമുരണ്ടുപിന്നെ
ആക്കത്തിനില്ല വഴിയാത്മജവിപ്രയോഗ-
ത്തീക്കാളലേറ്റരിയകാമ്പു കരിഞ്ഞതല്ലേ?
ഞാനാദ്യം തൊട്ടു പദ്യൿകൃഷി പലവകയായ്
ചെയ്തു കണ്ടം തെളീച്ച-
ങ്ങാനന്ദത്തോടു നിങ്ങൾക്കനുഭവമതിനായ്
തന്നു കാർന്നോർ നിലയ്ക്ക്
മാനത്തോടൊത്തിരിപ്പാണനുദിനമിനിമേൽ
നിങ്ങളാക്ഷേപമൊന്നും
കാണിയ്ക്കാതേ പ്രയത്നിക്കണമിവനതുക-
ണ്ടീടണം ചാകുവോളം
ആനന്ദമെത്രപേര്‍ക്കാണന്യൂനം നൽകുന്നതാകയാൽ
നൂനം മനോരമയ്ക്കെന്നുമൂനം പറ്റില്ല ചെറ്റുമേ