Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 151

151 അയത്തില്‍ കുഞ്ഞുശങ്കരനു്

കുറിച്ചയച്ചീടിന കത്തു നോക്കി-
ദ്ധരിച്ചുവൃത്താന്തമശേഷവും തേ
ഉറച്ചു ഞാൻ ത്വദശനെന്നു നമ്മെ-
ക്കുറിച്ചു കാണിച്ചൊരു കത്തുമൂലം.


എന്താണനുഷ്ഠേയമതെന്നിവണ്ണ-
മെന്തോഴ! ചോദിച്ചതു ഭംഗിയായി
ഹന്തായതോര്‍ത്തിട്ട കതാരിലേറ്റം
സന്തോഷമോതാമിനി വേണ്ട കാര്യം.


നോക്കുമ്പോൾ പശു, പക്ഷിതൊട്ടു വളരെ
ജ്ജന്മം കഴിഞ്ഞിട്ടിതാ
നോക്കിപ്പോൾ നരജന്മമായി; ഭഗവൽ-
സേവക്കു നാം യോഗ്യരായ്;
ചാക്കെന്നാണൊരു രൂപമില്ലിനിയുമീ
സംസാരബന്ധം വരാ-
താക്കാനോര്‍ക്കുക "ചിൽസ്വരൂപ" മിതുതാൻ
ചെയ്യേണ്ടതെല്ലായ്പോഴും.


ഒന്നുമില്ലവിടെ നിന്നയക്കുവാ-
നെന്നുതന്നെ മതമെന്നിരിക്കിലും
നന്ദിപൂർവ്വമുരചെയ്തതോര്‍ത്തു ഞാ-
നിന്നു മൽപ്രകൃതമോതിടുന്നുതേ.


പട്ടു മാലകളതല്ല ഭസ്മവും
കിട്ടിയാലതു മഹോത്സവം മമ
ശിഷ്ടമൊന്നുമവനീശനേകിലും
തുഷ്ടിയില്ല മനതാരിലേതുമേ.