Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 150

150 ഒരു അനുതാപം (മനോരമ)

ആനന്ദമില്ലതനയന്റെ വിയോഗദുഃഖ-
ക്കൂനിന്മേൽ മൂന്നു മുഖമാം കുരു വന്നമൂലം
മൌനം വഹിച്ചിനായുമിങ്ങിനെ വാണിടാതെ
ഞാനുംകടന്നു ചിലസങ്കടമോതിടട്ടെ.

 

ശ്രീരാജരാജകുലശേഖരവംശരക്ഷാ-
ഭാരം വഹിപ്പതിനനന്തസുതല്പമദ്ധ്യേ
ഭൂരിപ്രമോദമരുളുന്നൊരു പത്മനാഭ!
കാരുണ്യമായവരിലെന്തു പുലമ്പടാത്തൂ?

 

ചൊല്ലാർന്നശ്വതിനാളിൽ വന്നവതരി-
ച്ചുള്ളോരു ഭൂപാലനെ-
ന്നല്ലിപ്പോൾ ചതയർക്ഷജാതയുവരാ-
ജാവും മഹാരാജ്ഞിയും
നല്ലോരിങ്ങിനെ മൂന്നു പേരുടനുടൻ
തീപ്പെട്ടുപോയേകനാ-
യല്ലോ മൂലനൃപാലനെന്നതു വിചാ-
രിച്ചാൽ സഹിക്കാവതോ?

 

ആറ്റുങ്ങൽ മൂത്തതിരുമേനി മനോഹരാങ്ക-
മേറ്റിക്കളിപ്പുതുമ കണ്ടുരസിച്ച ജസ്രം
പോറ്റേണ്ടതാം ചെറിയ രാജകുമാരിമാരെ-
യേറ്റാരു പോറ്റുമവർ കൊച്ചു കിടാങ്ങളല്ലോ

 

പൊയ്യല്ല ഞങ്ങളുടെയമ്മയിതായി മേലി
ലയ്യാ രസം രസമിതെന്നമരും കിടാങ്ങൾ
വയ്യാതണച്ചു നയനാംബു പുരണ്ട കുഞ്ഞി
ക്കയ്യാച്ചുടുന്ന നെടുവീര്‍പ്പൊടു മാറിലയ്യൊ.

 

കണ്ടിട്ടില്ലെങ്കിലും കേട്ടറിയുമവരുമാ-
രാജ്ഞിതൻ ഭൂവിയോഗം
കൊണ്ടൽപ്പെട്ടിടുന്നുണ്ടധികമിതു നിന-
ക്കുമ്പോഴിത്തമ്പുരാനെ
പണ്ടതൻപ്രാണനെക്കാൾ പ്രിയമധികമിയ-
ന്നോരു കോയിക്ഷിതീശ-
ന്നുണ്ടായീടും മഹാദുസ്സഹതരമഴലാര്‍-
ക്കാനുമോര്‍ക്കാവതാണോ?

 

ചാരുവാം തിരുമൈവെള്ളച്ചാരമായ് പോയസങ്കടം
തീരുമോ ധരണീവാസം തീരുവോളമൊരുത്തനും.

 

സി. എസ്. ഐ. വിരുതാർന്നിടും വലിയ കോ-
യിത്തമ്പുരാനീപ്രിയ-
ത്തയ്യാം രാജ്ഞിപിരിഞ്ഞുപോയ വിരഹം-
കൊണ്ടുള്ളരിഷ്ടങ്ങളാൽ
അയ്യോ വെന്തുരുകുന്നൊരാത്തിരുമനം
മെല്ലെത്തണുപ്പാൻ കൃപാ-
പീയൂഷദ്രവധാരചെയ്തു പരിപാ-
ലിയ്ക്കേണമ! ദൈവമേ!

സന്താനശാഖി ഭഗവാന്റെ കൃപാകടാക്ഷ
സന്താനമാർന്നിടുമനന്തപുരം സമസ്തം
സന്താപസിന്ധുവതിൽ മുങ്ങിയതോർത്തു ചിത്തം
വെന്താളിടുന്നു പരരാജ്യനിവാസികൾക്കും.

 

ദാനങ്ങളാരണവര്‍ക്കതുമല്ല പട്ട-
ത്താനം വിശേഷവരിഷാശനമന്നദാനം
ദീനര്‍ക്കനന്തസുഖമിങ്ങിനെയൊക്കയുള്ളോ-
രീനാട്ടിലിപ്പൊഴുതിലിങ്ങിനെ വന്നുവല്ലൊ

 

ക്ഷാത്രധര്‍മ്മവിധി നേര്‍ത്തിടാതെ സൽ-
പാത്രദാനമതു മാത്രമോ പരം
ഗോത്രവൃദ്ധിയതിനിദ്ധരിത്രിയിൽ
ക്ഷേത്രമെത്ര പണിയിച്ചു തമ്പുരാൻ.

 

ശ്രീയാളിയുന്ന കുലശേഖരഭൂപനാലു-
വായിൽ പുരാ ധരണിദേവഗൃഹങ്ങൾ തീര്‍ത്ത്
മായം വിനാ വളരെ വസ്തുവൊടൊത്തു ദാന-
മായിക്കൊടുത്തു പുനരിങ്ങിനെയാരു ചെയ്യും?

 

ഭാഗം പറഞ്ഞിടുകയല്ലവിടത്തിൽ വെച്ചു
യാഗങ്ങളെത്ര വിധിപോലെ നടത്തി ഭൂപൻ;
ഹാ കഷ്ടമിങ്ങിനെ പുകഴ്ന്നകുലം കഴങ്ങി-
പ്പോകാതെ കാക്കുക കൃപാലയ പത്മനാഭ!

 

ഓടിക്കളിച്ചു ചിലകൊച്ചുമഹീശർ ബുക്കു-
വാടാതെനോക്കിയമരും ചില മന്നവന്മാർ
പ്രൌഢത്വമാർന്ന ചിലഭൂപതിമാരിവണ്ണ-
മീടാർന്ന വഞ്ചികുലമെന്നിനി യൊന്നു കാണും.

 

ധർമ്മരാജ്യമതിലിപ്പൊഴീവിധം
ശർമ്മഹാനിയുളവായതെന്തുവാൻ?
നൊമ്മളോര്‍ക്കിലറിയില്ല കാരണം
ചിന്മയന്റെ കളിയാണിതൊക്കയും.

 

ഘോരാദൃഷ്ടങ്ങളാകും കടുദവദഹനൻ
വന്നു വല്ലാതെ വാടാ-
നാരംഭിക്കുന്ന വഞ്ചീശ്വരകുലതരുവിൽ
ചൂടുതട്ടാതിരിപ്പാൻ
കാരുണ്യം തെല്ലിദാനീമരുളുക കരുണാ-
കാളജീമൂത!രക്ഷാ-
ഭാരം ചിന്തിച്ചിടുമ്പോളഖിലവുമവിടെ
യ്ക്കല്ലയോ പത്മനാഭ!