Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 149

149 മനോരമക്ക്

ഇന്നാളിവന്റെ സുകൃതക്കൊടി വെന്തവൃത്ത-
മന്നാളിലല്പമുരചെയ്തറിവിച്ചുവല്ലോ
ഇന്നോളമാക്കദനവഹ്നി ശമിച്ചിടാതെ
നിന്നാളിടുന്നു ശിവാനയിവനെന്തുചെയ്യും.

 

കഷ്ടം മദീയമകനേറെ വിശിഷ്ടനാര്‍ക്കു-
മിഷ്ടം പെരുത്ത പുരുഷൻ പുരുപുണ്യശാലി
ഇട്ടേച്ചുപോയിയിവനെപ്പ നരായതോര്‍ത്തു
പൊട്ടുന്നു മന്മനമിനിയ്ക്കിനിയാരു പാരിൽ ?

 

മുന്നം മുദ്രാ ജനനവേളയിൽ ജാതകര്‍മ്മം
നന്ദിച്ചുചെയ്ത മമ കയ്യുകൾകൊണ്ടുതന്നെ
ഇന്നാക്കുമാരനുദകക്രിയ ചെയ്യുവാനാ-
യ്‍വന്നോരു സംഗതിയൊരിയ്ക്കലുമോര്‍ത്തുകൂടാ

 

ഉള്ളംതെളിഞ്ഞിവനെയും തറവാട്ടിലിപ്പോ-
ളുള്ളോരു വസ്തുവിനെയും പരിരക്ഷ ചെയ്‍വാൻ
കൊള്ളാം കുമാരനിവനെന്നു നിനച്ചിരുന്നു-
വല്ലോ ചതിച്ചു വിധിസംഗമിയാര്‍ക്കുനീക്കാം.

 

കാണാതെ കാൽക്ഷണമിരിക്കുകിലപ്പൊഴേറെ
ക്കേണീടുമങ്ങിനെയിരുന്ന കുമാരനിപ്പോൾ
പ്രാണൻ വെടിഞ്ഞു പരലോകമണഞ്ഞു ഞാനോ
ഞാണം വില്ലിനു കിടക്കു കിടന്നിടുന്നു.

 

പുത്രാര്‍ത്തിമൂലമധികം കൃശയായലഞ്ഞു
കുത്രാപി വാണു ശിവരാമഹരേ മുരാരേ!
ഇത്യാദി നാമജപമോടമരുന്ന ജായാ-
വൃത്താന്തമെങ്ങിനെ പറഞ്ഞറിയിച്ചിടുന്നു?

 

എന്നല്ല ഭൃത്യരഖിലം നയനം നിറച്ചു
നിന്നീടുമെന്നരികിലായതു കണ്ടിടുമ്പോൾ
ഒന്നോര്‍ക്കുമുണ്ണിചരിതം മനതാരതിങ്കൽ
പിന്നേത്തെ വാര്‍ത്തയിനി ഞാൻ പറയേണ്ടതുണ്ടോ?

 

തത്തമ്മ പഞ്ജരമതിൽ പരിചോടിരുന്നു
പുത്രന്റെ നാമമധുനാപി വിളിച്ചിടുന്നു
അത്തവ്വിലഗ്നിയതിലാജ്യമൊഴിച്ചു വീശി-
ക്കത്തിച്ചിടുന്നവിധമെൻ മനമാളിടുന്നു.

 

എന്നെക്കുറിച്ചധികമായൊരു സക്തിയുള്ളി-
ലെന്നല്ല ഭക്തി വിനയം ഭയമെന്നിതെല്ലാം
കുന്നിച്ചിരുന്ന തനയൻ ശിവ! ശേഷമോതാ-
നെന്നാൽ പ്രയാസമിനിയെന്തിനു ജീവിതം മേ

 

ഈവന്ന വൻപനി ശമിക്കുകയില്ല ജീവൻ
പോവാനടുത്തു ജനകൻ വ്യസനിച്ചിടൊല്ലേ
ആവൻപനായ മകനെന്നെ വിളിച്ചിരുത്തീ-
ട്ടേവം കഥിച്ച കഥയെങ്ങിനെ ഞാൻ മാക്കം.