ധാതാവു ചെയ്തു കഠിനക്രിയമൂലമിന്നും
ചേതസ്സ് കത്തിയെരിയുന്നുവതെങ്കിലും ഞാൻ
ചേതോരമേ! ഭവതിയോടതുതന്നെയല്ല-
മോതുന്നതുണ്ടഴൽ തൊഴിക്കിലൊഴിക്കുമല്ലോ
തഞ്ചത്തിലിയ്യിടവമാസമതിൽ കലർന്നു-
ള്ളഞ്ചാംദിനത്തിലമലൻ തനയൻ ദ്വിതീയൻ
പഞ്ചത്വമെൻ ശിവനേ! പറവാൻ പ്രയാസം
നെഞ്ചിപ്പൊഴും കിടുകിടെന്നു വിറച്ചിടുന്നു
എപ്പോഴുമെന്നരികിലിങ്ങിനെ വാണു വേണ്ട-
തെപ്പേരുമാസ്ഥയൊടു ചെയ്തുവരും കുമാരൻ
പോയ്പോയതോര്‍ക്കിലിതിലപ്പുറമായ ദണ്ഡ-
മിപ്പോളിനിയ്ക്കു വരുവാനിനിയൊന്നുമില്ല
സത്യം, ദമം, സമത, സാത്വികവൃത്തിതന്നി-
ലത്യന്തസക്തിയലിവാര്‍ത്തരിലാത്മബോധം
ഇത്യാദിവേണ്ട ഗുണമാസകലം തികഞ്ഞ
പുത്രന്റെയീ വിരഹമെങ്ങിനെ ഞാൻ സഹിക്കും?
കൃത്യങ്ങൾവേണ്ടതനുവാസരമോതുവാനായ്
പ്രത്യേകമോര്‍ത്തരികിലുണ്ണിയെ ഞാൻ വിളിച്ചാൽ
അത്തവ്വിലോര്‍ത്ത പണിതീർത്തു തെളിഞ്ഞുചാര-
ത്തെത്തുന്നൊരെൻ മകനെന്നെ വെടിതെട്ടുവല്ലൊ.
ഇന്നിന്നതൊക്കെയിവിടെശ്ശരിയാക്കി നാളെ-
യ്ക്കിന്നിന്നതാണു പണിയങ്ങിനെതന്നെയല്ലേ!
എന്നെന്നൊടോതിയരികത്തു വിനീതനായി
നിന്നീടുമുണ്ണി ശിവനേ ശിവരാമരാമ!
ദീനത്തിൽ ഞാനിവിടെ വാണമുതല്ക്കു, കാർന്നോ-
സ്ഥാനംവഹിച്ചു വലുതായ കുടുംബഭാരം
താനേറ്റുനോക്കി വളരെഗ്ഗുണമാക്കിയിപ്പോട-
ളാ നന്ദിചെയ്ത മകനിങ്ങിനെ വന്നുവല്ലോ.
വയ്യാതെ കണ്ടു വലയുമ്പൊഴുതെന്റെ കാലും
കയ്യും തിരുമ്മിയഴലാറിവരും കുമാരൻ
ചെയ്യേണ്ടതായൊരുദകക്രിയ ഹന്ത! ഞാൻ താൻ
ചെയ്യേണ്ടിവന്നു ശിവനേ! തകരുന്നു ചിത്തം.
ദീനത്തിലായി ജനകൻ പരിരക്ഷചെയ്‍വാൻ
താനാണു വേണ്ടതിനിയെന്നു തനിച്ചുറച്ച്
വാണോരു മത്തനയനൂഴി വെടിഞ്ഞശേഷം
ഞാനെന്തിനിങ്ങിനെ ചടഞ്ഞു കിടന്നിടുന്നു.
നേരായ് നിനയ്ക്കിലിതുപോലെ ഹിതം നടത്തി-
പ്പോരാനൊരാളുവരുവാൻ വളരെ പ്രയാസം
'നാരായണൻ' തുണയിനിയ്ക്കിനി മേലിലല്ലാ-
താരാണൊരാളു പാവാനറിയുന്നതില്ല?