വൈകുന്നു തേ വദനപങ്കജമൊന്നുകാണ്മാ-
നാകുന്നതില്ലതിനുമാർഗ്ഗമുദാരശീലേ!
മാഴ്കുന്നിതെൻമനമതോര്‍ത്തധികം കഴിഞ്ഞു-
പോകുന്നുതേന്മൊഴി! ദിനങ്ങളിതിൻപ്രകാരം
ഞാനങ്ങോട്ടുവരേണമെന്നു നിരുപി-
ച്ചീടുന്നതുണ്ടെങ്കിലും
ദീനംകൊണ്ടു നിറച്ചപോലെ കഴിവ-
ന്നീടുന്നതില്ലൊന്നുമേ
മാനഞ്ചു മിഴി! വൈകിടാതെ വരുമാ-
ത്തീവണ്ടിയെന്നാലതിൽ
ത്താനേ കേറിവരാനുമന്നു തിരിയേ-
പോരാനുമുണ്ടാം തരം