അപ്പൻ വിധിച്ചൊരു ചികിത്സകളാകമാന-
മപ്പോൾ ഭവാൻ ലളിതപദ്യഗണങ്ങളാക്കി
സൽപ്രീതിപൂർവ്വമിവനായിയയച്ച കത്തു
കയ്പറ്റി ഞാൻ തലകുലുക്കി രസിച്ചുപാരം.
ആരും രസിക്കുമയിതേ കൃതി കണ്ടിടുമ്പോൾ
തീരും മദം കവിജനങ്ങളിലുള്ളതെല്ലാം
നീരും പയസ്സുമിടചേർന്ന വിധത്തിലായി
ത്തീരും ത്വദീയരചനാഗുണമാര്‍ക്കുകിട്ടും.
പ്രാണങ്ങളോടു സമനായ ഭവാനെയൊന്നു
കാണുന്നതിന്നു വളരെക്കൊതിയായിടുന്നു
കാണിയ്ക്കുമില്ല സുഖമിയ്യിവനെന്തുപിന്നെ
ക്കാണിയ്ക്കു മീശ്വരനറിഞ്ഞു തരം തരട്ടേ.
ഒന്നിച്ചു നാലുദിവസം സുഖമായിരിപ്പാൻ
വന്നേച്ചുപോണമവിടുന്നിവിടെഗുണാബ്ലേ!
എന്നിച്ഛയെന്നു തരമെന്നറിവിച്ചുതന്നാൽ
നന്ദിച്ചു വണ്ടി വരുവാനിവിടുന്നയക്കാം.
ആപത്തനേകവിധമുണ്ടു ജഗത്തിലെന്നാൽ
സ്വാപത്തിലും പുനത്തിൻപടി മറ്റൊരാളിൽ
പ്രാപിച്ചതായിയറിവില്ലതു പൂർവ്വപുണ്യ-
ലോപപ്രഭാവഫലമെന്നു നിനച്ചിടുന്നു.
തീവണ്ടിമൂലം ഭവനം പൊളിച്ചു
പോവേണ്ടദിക്കാണു നമുക്കിദാനീം
ദൈവം വരുത്തുന്നതിനെത്തടുപ്പാ-
നേവര്‍ക്കുമോത്താലെളുതാവതാമോ?
അച്ഛന്നകീര്‍ത്തിനിധിയായി വസിച്ചിടുന്നോ
രച്ഛന്നു കണ്ണിനസുഖം ചെയ്തതുള്ളതിപ്പൊൾ
തുച്ഛീഭവിച്ചുസുഖമായൊരു വാര്‍ത്തകേൾപ്പാ
നിച്ഛിച്ചിടുന്നു ദിവസംപ്രതി ഞാൻ ഗുണാബ്ധേ.