Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 143

143 കിട്ടൻഭാഗവര്‍ക്കു്

കണ്ടകാലത്തിനിക്കേറ്റമിണ്ടലുണ്ടായിരിക്കയാൽ
മിണ്ടി നോന്തമ്മിലെന്നല്ലാതുണ്ടായില്ലൊന്നുമദ്ദിനം

 

മഹനായ്‍വിട്ട പദ്യങ്ങൾ മഹനീയഗുണാംബുധേ!
സഹസാ കണ്ടു ഞാനേറെ ബഹുമാനിച്ചു നിങ്ങളെ

 

അപ്പീൽനമ്പ്ര് വിചാരണ
യിപ്പോഴും വച്ചുവെന്ന വൃത്താന്തം
അപ്പനയച്ചൊരെഴുത്തിൻ
താല്പര്യത്താലറിഞ്ഞു ഗുണരാശേ!

 

വരണം നമ്പറിന്നെന്നായ്ക്കുരുതിക്കൊണ്ടിരുന്നുഞാൻ
തരമില്ലിപ്പൊഴും വന്നീജ്വരമന്നോടെതിര്‍ക്കയാൽ.

 

പനിയ്ക്കയും മറ്റുഗദങ്ങളാലു-
മിനിയ്ക്കശേഷം സുഖമില്ല ദൈവം
നിനയ്ക്കിലല്ലാതെ നിവൃത്തിയുണ്ടോ
തനിക്കുതാൻപോന്ന മഹത്തുകൾക്കും.

 

അങ്ങുന്നുമാസ്സോദരനും വിശേഷാൽ
ചെങ്ങാതിയാമപ്പനുമുൾക്കുരുന്നിൽ
തിങ്ങുംമുദാതന്നെ വസിപ്പതില്ലേ
മംഗല്യകീര്‍ത്തേ! കൊതി കേൾക്കുവാൻ മേ

 

കുണ്ടൂരു നാരായണമേനവന്നു
രണ്ടാമതുണ്ടായൊരു ദീനമെല്ലാം
തണ്ടാരിൽമാതിൻകൃപകൊണ്ടു മാറി-
പ്പണ്ടേപ്രകാരം മരുവുന്നതില്ലേ?

 

കോട്ടം വിനാ വേണ്ടൊരു കാര്യമെല്ലാം
കോർട്ടിൽ പ്രസംഗിച്ചു ജയംലഭിച്ച്
നാട്ടിൽ പരം കീര്‍ത്തി കലര്‍ന്നുകൊണ്ടാ-
ജ്യേഷ്ഠൻ മുദാ തത്ര വസിപ്പതില്ലേ?

 

എന്നിൽ കരുണാസാരം
ചിന്നീടും പത്മനാഭമേനവനും
ഖിന്നത കണികണ്ടീടാ-
തുന്നതകീര്‍ത്ത്യാ സുഖിച്ചുമരുവുന്നോ?

 

അവരുടെ കയ്‍വശമോര്‍ത്താ-
ലിവരുടെ കാര്യങ്ങളൊക്കയിക്കാലം
വിവരമിതവരെക്കൂടി
ക്കവിവര! കാലേ മനസ്സിലാക്കേണം.