Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 142

142 കുഞ്ഞിക്കുട്ടൻ തമ്പുരാന്

മതിധരന്മടിതന്നിലനാരതം
മതിതെളിഞ്ഞമരും പരദൈവമേ!
മതി വിളംബമയേ! വലയുന്നു ഞാൻ
വിതര മേ തരമേറിന നീ കൃപാം.

 

മന്നിൽ തികഞ്ഞ കവിമാർമുടിതന്നിലേറെ
മിന്നിത്തെളിഞ്ഞു വിലസും മഹനീയകീര്‍ത്തേ!
എന്നുത്തമപ്രിയസഖേ! ഭവദീയകത്തു
വന്നെത്തിനോക്കി വിവരം വിവരിച്ചറിഞ്ഞു.

 

നന്നാമഹാനുടയമാതിരിയെന്നു തോന്നീ-
ട്ടിന്നാവിധം ചിലതു ഞാൻ കൃതിചെയ്തുനോക്കി
എന്നാലതിൽ പരിഭവത്തിനു മാഗ്ഗമുണ്ടെ-
ന്നെന്നാശയത്തിലൊരു ലേശവുമോര്‍ത്തതില്ല.

 

ഇപ്പോൾ ഭവാനുടെ മതം വഴിപോലെ വായി-
ച്ചപ്പോളറിഞ്ഞു ശരിയാണതു തെറ്റു തന്നേ
കെല്പേറുമാക്കവിവരന്നു മനക്കുരുന്നി
ലല്പേതരാപ്രിയമുദിക്കുകിലുണ്ടു ദോഷം.

 

ആര്‍ക്കും വരും മതിമറിച്ചിലതിങ്കൽ നിന്നു-
നീക്കുന്നതുത്തമസുഹൃത്തുകൾ വേണ്ടതത്രേ;
നോക്കുമ്പൊഴിന്നിതു ഭവാൻ പറയുന്നതിന്നു
നോക്കുണ്ടു പഥ്യമതു ഞാൻ പറയേണ്ടതുണ്ടോ?

 

കണ്ടാൽ കൊള്ളാമതെന്നായ് പലകുറിയവിടു-
ത്തോടപേക്ഷിച്ചുവെന്നി-
ട്ടുണ്ടായില്ലല്പവും ത്വൽകരുണയിതു വിചാ-
രിക്കിലെൻഭാഗ്യദോഷം
പണ്ടാവിശ്യപ്പെടുമ്പോളതിനൊരു തടവി-
ല്ലാതെ സാധിച്ചുപോരാ-
റുണ്ടാവേഴ്ചക്കു പാര്‍ത്താലൊരു കുറവു വരാൻ
കാരണം കണ്ടതില്ല.