Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 138

138 രാമപുരം തളിയിൽ കൊച്ചുപിള്ളക്ക്

മുന്നം പദ്യമിനിയ്ക്കുയച്ചതവിടെ-
ക്കീട്ടിട്ടതിനുത്തരം
നന്ദിച്ചൊന്നുമയച്ചിടാത്ത വിവരം
കാണിച്ചു രണ്ടാമതും
മന്ദിയ്ക്കാതെ കൊടുത്തയച്ച കൃതിയും
കയ്പറ്റിനോക്കിപ്പരം
ധന്യത്വം കലരും കവേ! തലകുലു-
ക്കിക്കൊണ്ടു കൊണ്ടാടി ഞാൻ.

 

അമാന്തം പറ്റിപ്പോയ് മറുപടിവിടാ-
നെന്നതൊഴിയേ
സമാധാനംമറ്റില്ലിതിനു പറവാൻ
സൽകവിമണേ!
പ്രമാദം വന്നീടാതുടനുടനിനി-
പ്പദ്യനിരകം
പ്രദോദാലെത്തിയ്ക്കാം കുറയരുതു കൂ-
റേതുമിവനിൽ.

 

രണ്ടാമത്തെയെഴുത്തിൽ
കണ്ടവിധം ദൂതു മൂന്നു ബുക്കു ഭവാൻ
കൊണ്ടാടിക്കാഴ്മാനായ്
കൊണ്ടിത ഞാനഞ്ചലായയക്കുന്നു

 

കത്തുപുസ്തകമിതൊക്കെയങ്ങുവ
ന്നെത്തിയാലിനിയെഴുത്തതിന്നുടൻ
സത്തമോത്തമ! ഭവാൻ വിടേണമി
ങ്ങെത്രകൌതുകമതൊന്നു കാണുവാൻ.