ധന്യന്മാരുടെ മൊലിതന്നിലനിശം
മിന്നും ഭവാൻ തത്രനി-
ന്നെന്നിൽ പ്രീതിവശാലയച്ച കുറിമാ-
നം കണ്ടു കൊണ്ടാടി ഞാൻ
എന്നല്ലാദ്യമയച്ച പുസ്തകഗണം
കണ്ടപ്പൊഴുണ്ടായൊരാ-
നന്ദത്തിന്നവസാനമില്ല കുറവും
വന്നീലതിന്നേവരെ.
പൊയ്യല്ലാശ്രിതരായിടുന്നൊരു ജന-
ങ്ങൾക്കുള്ള കല്പദ്രുമ
ത്തയ്യാണെന്നൊരുപോലെ ലോകരധുനാ
വാഴ്ത്തുന്ന ധാത്രീപതേ!
ഇയ്യുള്ളാനിലിവര്‍ണ്ണമിന്നു കരുണാ-
പീയൂഷവർഷം ഭവാൻ
പെയ്യിപ്പാനിടയാകയാലഹമഹോ
ധന്യൻ ധരിത്രീതലേ
ധന്യനാകുമവിടെയ്ക്കു ഞാനെഴുതി
വിട്ടിരുന്നതിനു തുഷ്ടിയോ-
ടിന്നയച്ചു മറുപത്രമെങ്കിലതി-
നിത്രമാത്രമൊരു താമസം
വന്നുപോയതു പൊറുത്തിടേണമിവ-
നെന്നുമുണ്ടിതി വിഭോ! ഭവാൻ
ചൊന്നതെന്തിതു കടുപ്പമോര്‍ക്കിലിവ-
നാശ്രയിയ്ക്കുമവനല്ലയോ?
എന്മാതാവു മരിച്ച ദീക്ഷയതിലാ-
ണെന്നാലിനിത്തദ്‍വ്രതം
നിർമ്മായം നൃപതേ! കഴിഞ്ഞഥ ഭവാ-
നെക്കണ്ടുകൊണ്ടാടുവാൻ
സമ്മോദാലവിടെക്കു വന്നണയുവാൻ
ഭാവിച്ചിരിക്കുന്നു ഞാ-
നിമ്മാറുള്ളഭിലാഷമാസകലവും
ദൈവം നടത്തീടണം.