Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 134

134 ആർ വേലുപ്പിള്ളക്കു്

ആനന്ദമാർന്നിവിടെനിന്നു ഭവാൻ ധരിപ്പാൻ
ഞാനിക്കഴിഞ്ഞമിഥുനത്തിലയച്ച പത്രം
ഊനം വെടിഞ്ഞവിടെ വന്നണയായ്കകൊണ്ടാ
മൌനവ്രതത്തിനിടവന്നതുദാരകീര്‍ത്തേ!

 

മല്ല വൈരികരുണാബലാൽ ഭവാ-
നല്ലലെന്നതറിയാതഹർന്നിശം
നല്ലസൌഖ്യമൊടുതന്നെ വാണിടു-
ന്നില്ലയോ പുകളെഴുന്ന സൽക്കവേ!

 

ഭരമായ്താങ്കളെയേല്പി-
ച്ചൊരു കാര്യം വിട്ടുപോയിയെന്നുണ്ടോ?
തരമാവില്ലെന്നാണോ
തരസാ സാധിയ്ക്ക സാദ്ധ്യമാണെന്നോ?

 

ഗോവിന്ദപ്പിള്ള ഗീതാമൃതമതു മലയാം
ഭാഷയായ്ത്തീര്‍ത്ത ബുക്കൊ-
ന്നാവിര്‍മ്മോദേന നോക്കാൻ കരുതിയെഴുതിഞാ-
നൊന്നുരണ്ടൂഴമിപ്പോൾ
ആ വിദ്വാൻ തന്നതില്ലായതിനൊരു മരക-
ത്തെങ്കിലും പോട്ടെ വേറി-
ട്ടീവേളയ്ക്കൊന്നു വാങ്ങിത്തരികിൽ വില വഴി-
യ്ക്കങ്ങയയ്ക്കായിരുന്നു.

 

സുരുചിരകീര്‍ത്തേ!
പദ്യം തെരുതെരെയെഴുതിക്കൊടുത്തയയ്ക്കണം
വരുമൊരു മറപടി കാണ്മാ-
നുരുതരകുതുകം നമുക്കു ചിത്തത്തിൽ.