കണ്ണഞ്ചിരട്ട കരതാരിലെടുത്തകത്തു
മണ്ണിട്ടു കൊണ്ടു മടിയാതതുയർത്തിയപ്പോൾ
തിണ്ണന്നുചോർന്ന മണൽകണ്ടു രസിച്ചുനിന്ന
ണ്ണൻ കനിഞ്ഞു കരളിൽ കളിയാടിടട്ടേ.
പെയ്യും കൃപയാലഞ്ചാ-
ന്തിയ്യതിയൊരു കത്തയച്ചതിന്നിവിടെ
പയ്യന്നെത്തിയ സമയം
കയ്യിലെടുത്താദരിച്ചു ഞാൻ നോക്കി.
മാന്യനായി മരുവും ഭവാൻ പതി-
മ്മൂന്നു മുദ്രയതിൽ വെച്ചയച്ചതും
സാന്ദ്രമോദമോടെടുത്തു പാരതീ
മൂന്നിലും പുകളെഴുന്ന സൽകവേ!
മുപ്പാരിൽ കീർത്തിതേടും സുകവിവര! ഭവാ-
നെന്തുചെയ്തെങ്കിലും താ-
നല്പം പോലും പ്രിയക്കേടകതലമതിലോര്‍-
ക്കാത്തൊരിസ്സേവനോട്
ഉൽപ്പൂവിങ്കൽ കലർന്നീടിന കനിവു പരം
ഗൂഢമായ് മൂടിവെച്ചി-
ട്ടിപ്പോൾ മാപ്പേകുവാനായെഴുതിയ കഥയോര്‍-
ത്തൽഭുതപ്പെട്ടിടുന്നു.
നന്നല്ലെങ്കിലുമെന്റെ നാടകമതൊ-
ന്നാടേണമെന്നായ് ചിലര്‍-
ക്കിന്നുണ്ടായൊരു ബുദ്ധി പാരമിവനിൽ
ചേരുന്ന കൂറായ്‍വരാം
ഒന്നല്ലെങ്കിൽ മുകുന്ദചാരുചരിത-
ത്തിനുള്ള മാഹാത്മ്യമാ-
യ്‍വന്നീടാമിതു രണ്ടിലേക വഴിയാ-
ലാണെന്നു കാണുന്നു ഞാൻ.
നന്നായിട്ടവിടുന്നയച്ച കുറിയിൽ
കാണുംപ്രകാരം ഭവാ-
നൊന്നായഞ്ചലിൽ മൂന്നുപുസ്തകമായ-
ച്ചീടുന്നു കൂടുംമുദാ
എന്നാലായതിലൊന്നു മുദ്രകളയ-
ച്ചിട്ടുള്ളതിന്നുള്ളതും
പിന്നത്തേതു സഭയ്ക്കുമാണു വിബുധാ-
ചാര്യപ്രഭാവ! പ്രഭോ!
ബുക്കെത്രവേണമവിടയ്ക്കിനിയെന്നുവച്ചാ-
ലൊക്കത്തരുന്നതിനു കാത്തുവസിച്ചിടുന്നു
ഇക്കണ്ട ഞാൻ ഭവദധീനനതെന്നു തന്നെ
വയ്ക്കാതിരിക്കരുതൊരിയ്ക്കലുമുൾക്കുരുന്നിൽ.
സേവനായൊരുവൻ ദൂരത്തവമുണ്ടെന്നതെപ്പൊഴും
കേവലം ചിത്തതാരിങ്കലാവിലം വിട്ടിരിയ്ക്കണം.