ഗോപീജനങ്ങൾ വിപിനത്തിലണഞ്ഞു കാമ-
താപാതിരേകമുരചെയ്തതു കേട്ടനേരം
ആപാദചൂഡമവരെത്തരസാ പുണർന്ന
ഗോപാലപാദകമലം കലയേ കലിഘ്നം.
കത്തെത്തിയതിലുൾപ്പെട്ട വർത്തമാനങ്ങളൊക്കയും
ചിത്തത്തിങ്കൽ ധരിച്ചേൻ ഞാനുത്തമസ്ത്രീ ശിരോമണേ!
ചെമ്മേ ചിന്തിച്ചു ചെന്താമരദളനയനേ!
വാണുകൊള്ളുന്നതെന്യേ
തമ്മിൽ കാണാൻ കഴിഞ്ഞില്ലിതുവരെയുമിനി-
യെന്നിരുന്നാലുമിപ്പോൾ
നിര്‍മ്മായസ്നേഹമേവം കിളിമൊഴിയുളവാ-
യ്‍വന്നതെന്നോർത്തു പാരം
സമ്മോദംപൂണ്ടിരിക്കുന്നിതു പകലിരവും
പെൺകുലത്തങ്കമേ! ഞാൻ.
എന്നിൽ കാരുണ്യസാരം പ്രതിദിനമളവി-
ല്ലാതെ വർഷിച്ചുപോരും
ധന്യശ്രീവഞ്ചിരാജ്ഞീശ്വരസവിധമതിൽ
പോകുമിദ്ദീക്ഷതീർന്നാൽ
അന്നേറ്റം നന്ദിയേറും ഭവതിയെ വഴിയേ
കാണുവാൻ ദൈവയോഗം
വന്നീടും വാരിജാക്ഷീജനമുകിൽമുടിയിൽ
ചേർന്ന മാലേ! സുശീലേ!
ബന്ധൂകാധരിമാർമണേ! തവ കൃതി-
യ്ക്കാവശ്യമായിപ്പൊഴ-
ത്യന്തം നമ്മൊടലട്ടിടുന്നു വളരെ
പ്പേരിപ്രദേശങ്ങളിൽ
സന്തോഷാലുടനൊന്നുരണ്ടു പ്രതിയും
കൂടെത്തരേണം പരം
ചന്തംചേർന്നൊരു ചംബുകാവ്യമയിതേ
സന്താനഗോപാലകം.
മടുത്തേനൂറീടും മധുരമിഴിമാരാസകലമി-
ന്നെടുത്താനന്ദത്താൽ മുടിയിലണിയും മാനിനിമണേ!
മടിയ്ക്കൊല്ലേ തെല്ലും വിവരമഖിലം വീണ്ടുമറിവാ-
നിടയ്ക്കെല്ലാമിങ്ങോട്ടെഴുതണമിതിന്മട്ടിലിനിയും.