വേനൽക്കാലം കുളിച്ചിപ്പുഴയുടെ നികടേ
താമസിച്ചീടുവാനായ്
സാനന്ദം കാന്തയോടും സരസവര ഭവാ-
നെത്തുമെന്നിപ്രകാരം
ഞാനാദ്യം കേട്ടു പാരം രസമൊടു സുമതേ!
വന്നുകാണാഞ്ഞുപിന്നെ
ത്താനേ ദുഃഖിച്ചു കഷ്ടം ശിവശിവ ശിവനേ
കണ്ടകാലം മറുന്നു.
വന്നീടുവാനിട ഭവാനു കിടച്ചതില്ല
പിന്നീടു ജോലികൾ മുഴുക്കുക കാരണത്താൽ
എന്നല്ലകാരണമതുണ്ടിനിയും കഥിയ്ക്കാ
മിന്നാട്ടുകാര്‍ക്കതിനു ഭാഗ്യവുമില്ലതെല്ലും.
എൻമാതാ പോയ മേടത്രിദശദിനമിതിൽ
സ്വര്‍ഗ്ഗലോകത്തിനായി-
സ്സമ്മോദാൽ പോയിയെന്നുള്ളൊരു വിവരമതിൻ
മുന്നമേ കേട്ടിരിയ്ക്കാം
നിർമ്മായം ദീക്ഷയായിട്ടിവിടമതിലിരി-
യ്ക്കുന്നു ഞാനോര്‍ത്തു കണ്ടാ-
ലമ്മൂനും സൌഖ്യമല്ലേ പറയുക പരമാ-
നന്ദമല്ലേ ഭവാനും.