Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 125

125 ദാമോദരൻ നമ്പ്യാര്‍ക്ക്

താരിൻനന്ദിനി മാറിലും തരമെഴും
ചക്രാദിതൃക്കയ്യിലും
കാറിൻ കാന്തി വപുസ്സിലും കരുണയ-
ത്യന്തം കരൾക്കാമ്പിലും
പാരീരേഴുദരത്തിലും പരമിരി-
പ്പോര്‍ത്താൽ സമുദ്രത്തിലും
ചേരും ദേവനിവങ്കലുൾക്കരുണവെ-
യ്ക്കുട്ടേ കുറച്ചെങ്കിലും.


മുന്നാ സുജനാനന്ദിനി
തന്നിലുമല്ലാതെ മുമ്പുമിപ്പൊഴുതും
തന്നൊരു പത്രങ്ങളിലും
ചൊന്നവിശേഷം ധരിച്ചുനിശ്ശേഷം.


എന്നാലോ മറുകത്തയപ്പതിനിനി-
ക്കുള്ളോരമാന്തത്തിനാൽ
വന്നീലാ തരമെന്നുതന്നെ പറയാ-
മല്ലാതെയല്ലൊന്നുമേ
ചൊന്നാലുത്തരമോതിടായ്കിലവനോ-
ടെന്തിന്നു മിണ്ടുന്നു ഞാ-
നെന്നാലോചന ചെയ്തിടേണ്ടയിനിമേൽ
തെറ്റാതെപറ്റിച്ചിടാം.


നന്നല്ലെങ്കിലുമെന്റെ നാടകമര-
ങ്ങേറ്റുന്നതിന്നായ് ഭവാ-
നിന്നേറ്റം പണിചെയ്തിടുന്നവിവരം
ചിത്തത്തിലോര്‍ത്തെത്രയും
നന്ദിയ്ക്കുന്നു മഹാമതേ! ഗുണമെഴും
ബന്ധുക്കളെക്കിട്ടിയാൽ
വന്നെത്തും വലുതായ കാര്യവനെ-
ന്നെല്ലോ സതാം സമ്മതം


ആറാറണ വിലയാകുമി-
തോരോബുക്കിന്നു നീക്കമില്ലേതും
സാരമതേ! പുസ്തകമ-
ഞ്ചാറിനിമേൽ വേണമെങ്കിലെത്തിക്കാം.


എന്നാലിതിന്റെ വിലയങ്ങു മനോരമേതി
മന്നിൽ പരന്നവരപത്രികതൻ വരിയ്ക്കായ്
ഒന്നായ് കൊടുക്കുകിലിനിക്കു ലഭിക്കുവാനാ-
യൊന്നുണ്ടുപായമതുതാൻ മതി മഞ്ജുകീര്‍ത്തേ!


എത്രവേണമതെന്നായിക്കത്തയച്ചാലതിൻ പടി
പുസ്തകം ഞാനയച്ചീടാം വ്യത്യാസം വരികില്ലിനി.