കുടന്തുളച്ചിട്ടതിൽനിന്നു ദുഗ്ദ്ധ-
മെടുത്തുചാടുന്നതു വേണ്ടുവോളം
കുടിച്ചു ശേഷിച്ചതു പൂച്ചകൾക്കും
കൊടുത്ത ഗോപാലകനെത്തൊഴുന്നേൻ.
രണ്ടൂഴം താങ്കൾതീര്‍ത്തിങ്ങെഴുതിയകുറിയിൽ
പ്പെട്ട പദ്യങ്ങളെല്ലാം
കണ്ടൂ കാര്യസ്വഭാവങ്ങളുമതിൽ വിവരി-
ച്ചുള്ളതെന്നുള്ളിലായി
പണ്ടൂഴംപോലെ ഞാനും മറുവടിയെഴുതി-
ത്തട്ടുമാവണ്ടിദാനീം
കുണ്ടൂരാൻ മട്ടെടുത്തു സുഖമിവനു ശരീ-
രത്തിനില്ലായ്കമൂലം.
കണ്ടീടും കവിതക്കാര്‍ക്കു കണ്ഠീരവനതാംഭവാൻ
കണ്ടാലും മരകത്തിന്നു രണ്ടിനും കൂടിയുള്ളത്.
പാരാവാരത്തിനൊത്തങ്ങിനെ, ബഹുതരവി-
സ്താരമേറുന്ന സാക്ഷാൽ
ചാരുശ്രീഭാരതത്തെശ്ശിവശിവ യിവനാ-
ലാകുമോ പാട്ടിലാക്കാൻ
സാരം ചേരും ഭവാനെന്നരികിലുടനിരു
ന്നര്‍ത്ഥമിങ്ങോതിയെന്നാ-
ലാരംഭിയ്ക്കാം കഴിക്കാമതിനവിടെ മടി-
പ്പാകിലിങ്ങാകയില്ലാ.
മുന്നംഭവാനുവേണ്ടി-
പ്പന്നിയതിൻ നെയ്യു കാച്ചിവെച്ചേൻ ഞാൻ
പിന്നെക്കള്ളൻ കേറിയൊ-
രന്നിതുമയ്യോ! കവീന്ദ്ര പോയ്പോയി.
നെയ്യിന്നിനിയും നോക്കാം
കയ്യിൽ കിട്ടുമ്പൊഴങ്ങയച്ചീടാം
വയ്യാ താമസമെന്നാ-
ലിയ്യുള്ളോനെന്തു ചെയ്തിടാമിവിടെ.
എന്നായ് നമ്പർ വിധിച്ചു
തന്വീമണിയാൾക്കു ദോഷമായിപ്പോൾ
തന്നാൽ പുനരിലെടുക്കാ-
മെന്നാലപ്പോൾ ജയിക്കിലായല്ലോ.
ഓണത്തിനിങ്ങോട്ടു വരാതിരുന്നാ-
ലാണോ ഗുണം താങ്കൾ നിനച്ചുവണ്ണം
ക്ഷീണം വരാനായ്മധുരാശിയാത്ര
വേണോ ഭവാൻതന്നെ നിനച്ചുനോക്കൂ.