ഇഷ്ടനായ ഭവാൻ തീർത്തുവിട്ട പദ്യങ്ങളൊക്കയും
കിട്ടി വായിച്ചു സന്തോഷമെട്ടിരട്ടിച്ചു മാനസേ.
മന്നാടിയാര്‍ക്കു മുഷിയുന്നതുകൊണ്ടു ദോഷം
വന്നീടുകില്ല ലവലേശമതെങ്കിലും ഞാൻ
ഇന്നാടകത്തിലൊരു കക്ഷിയതായിരിക്കേ
പിന്നീടിവണ്ണമെഴുതുന്നതു യുക്തമല്ല.
പിള്ളരു കളിയായിട്ടും
കൊള്ളിക്കാം താങ്കൾ തട്ടിവിട്ടീടിൽ
കൊള്ളാമങ്ങിനെയെഴുതി-
ക്കൊള്ളൂ പോവട്ടെ ചെന്നുകേറട്ടെ.
മല്ലിന്നു മന്നാടി വരുന്നതായാൽ
തെല്ലൊന്നു നമ്മൾക്കു പയറ്റിനോക്കാം
തല്ലുന്നതായാൽ തടവും വാശാവു-
മല്ലാതെ മറ്റെന്തിതിനുള്ളതോര്‍ത്താൽ.
ശങ്കുണ്ണിക്കു പിടിച്ചോരാതങ്കം വേർപെട്ടുവെങ്കിലും
വൻകവേ! വന്നുചേർന്നീല തങ്കും തൻ ക്ഷീണവൈഭവാൽ
വെള്ളം കേറുകയാലേ നെല്ലുള്ളതൊക്ക നശിച്ചുപോയ്
ഉള്ളം കത്തുന്നു തിന്നീടാൻ കള്ളി കാണുന്നതില്ല ഞാൻ.
തമ്പാനു ബാധിച്ച വസൂരിരോഗം
താമ്പേറി രക്ഷിച്ചതു കാരണത്താൽ
തമ്പായി താനും തകരാറിലായി-
യമ്പാകുഴങ്ങുന്നു പനിച്ചുതുള്ളി.
'എഴുത്തുതീർന്നോ തരു' എന്നിവണ്ണം
കെഴിക്കിനേടം ധൃതികൂടിടുന്നു
കഴിച്ചു ഞാനായതിനാൽ ചുരുക്കി
വഴിയ്ക്കുയക്കാമിനി വർത്തമാനം.