കൊണ്ടാടിപ്പലരും ത്വദീയചരിതം
വാഴ്ത്തുന്നുകേട്ടെപ്പൊഴും
കണ്ടീടുന്നതിനാഗ്രഹിച്ചു മരുവീ-
ടുന്നുണ്ടതെന്നാകിലും
ഉണ്ടാകില്ലതിനിയ്യിടെക്കവിമണേ!
ലാക്കോര്‍ത്തു നോക്കീടുകിൽ
കുണ്ടാമണ്ടി നമുക്കു പെട്ടതു പറ
ഞ്ഞീടാമാഞ്ഞീടണം.
ഇക്കൊല്ലം മേടമാസത്തിൽ ചൊല്ക്കൊള്ളും മുപ്പതാംദിനം
സൽക്കവേ! മമ മാതാവു പുക്കു ഗീർവ്വാണമന്ദിരം
ഇല്ലാവെടിഞ്ഞൊരിടവും-എന്നാദിയായത്
ഏഷ ഞാൻ ഭഗവദ്ദൂതു ഭാഷയായൊരു നാടകം
ശേഷിയല്ലെങ്കിലും തീര്‍ത്തു ശേഷശായികൃപാബലാൽ
അച്ചടിച്ചീടുവാൻമാത്രം മെച്ചമില്ലതിനെങ്കിലും
വച്ചുതാങ്ങി മുരാരാതി സച്ചരിത്രമതാകയാൽ
നന്നായി നോക്കിഗുണദോഷമെല്ലാം
നന്ദ്യാ കഥിക്കേണമതിന്നുവേണ്ടി
നന്ദിച്ചു ബുക്കൊന്നു ഭവാനെഴുത്തോ-
ടൊന്നിച്ചയയ്ക്കുന്നു വിശാലബുദ്ധേ!
മോക്ഷത്തിൻമാര്‍ഗ്ഗമായിട്ടഖിലരുമൊരുപോ-
ലാദരാലാദരിക്കും
സാക്ഷാൽ ശ്രീഗീത മൂഢപ്പരിഷയുമറിയും
ഭാഷയിൽ ഭാഷയായി
ആക്ഷേപം വിട്ടു നിർമ്മിച്ചൊരു കവിത ഭവാ-
നച്ചടിപ്പിച്ച തൊന്നി-
ങ്ങീക്ഷിപ്പാൻ വിട്ടിടേണം വിമലതരമതേ!
പുസ്തകം മുക്തകമ്പം.