Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 112

112 വലിയകോയിത്തമ്പുരാന്

സ്വാഹാജാരസമാനചാരുമുഖിയാം
വഞ്ചീശ്വരിയ്ക്കന്വഹം
മോഹിപ്പാനൊരു ദിവ്യവിഗ്രഹമതായ്
ഭംഗ്യാ വിളങ്ങും വിഭോ!
മാഹാത്മ്യം കവിയും ഭവാനവിടെനി-
ന്നെന്നിൽ പ്രകാശിച്ചിടും
സ്നേഹാധിക്യവശാലയച്ച കുറി മാ-
നം കണ്ടു കൊണ്ടാടി ഞാൻ.


കൂറൊട്ടെഴും സുകവിവര്യ! ഭവാനെയൊന്നു
നേരിട്ടുകാണ്മതിനൊരാണ്ടുവരും വരെയ്ക്കും
നേരിട്ട് ദീക്ഷയതിനാൽ തരമായിടാതുള്‍-
ത്താരൊട്ടു മട്ടി മരുവീടണമെന്നു വന്നു.


നിത്യം കാലേ കുളിക്കും നിയമവിധിയനു-
ഷ്ഠിച്ചു വൈകാതെ പിന്നെ
പ്രത്യേകം ഗീത പരായണമതു വിധിയിൽ
ചെയ്തിടും പ്രീതിപൂർവ്വം
ഒത്തീടും നിത്യചാത്തത്തിനുമതുസമയ-
ത്തായതും മായഹീനം
കൃത്യത്താൽ ചെയ്തുകൊണ്ടിങ്ങിനെയിവിടെയിരി-
ക്കുന്നു ഞാൻ പുണ്യരാശേ!