Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 102

102 ചണ്ഡത്തിൽ നാണുപിള്ളക്കു്

കിട്ടീ കത്തതിലുള്ളപോലെ ഭഗവദ്‍ദൂതാഖ്യമാം നാടകം
കെട്ടിപ്പുസ്തകബങ്കിയായിത ഭവാനായിട്ടയക്കുന്നു ഞാൻ
പെട്ടന്നീവഷളായൊരെൻ കൃതിയതിന്നാശപ്പെടാൻ മൂലമെ-
ന്നിഷ്ടപ്പെട്ടകവീന്ദ്രനാകിയ മുരിങ്ങൂർ പോറ്റി താൻ നിശ്ചയം.


ആടാൻ നന്നല്ലിതെൻ നാടകമിതിനെ വലി
ച്ചിട്ടരങ്ങേറുവാനായ്
ക്കൂടാൻ നിങ്ങൾക്കുതോന്നുന്നതു ദൃഢമിവനിൽ
കൂടിടും കൂറുതന്നെ
വാടാതേ വന്നു നിങ്ങൾക്കുടയ നടനരം-
ഗത്തിലെത്തിത്തരത്തിൽ
ക്കൂടാൻ കൂടുന്ന കൌതൂഹലമിഹ ഫലവ-
ത്താകുവാൻ ഭാഗ്യമുണ്ടോ?


കുഞ്ഞിക്കുട്ടക്ഷിതീശ ദ്രുതകൃതിലതികാ-
ശാഖയാം ദക്ഷയാഗം
ഭഞ്ജിപ്പാനായ് ഭവാൻചെയ്തൊരു പണിയൊരുപ-
ക്ഷത്തിൽ നന്നായി വന്നു
മഞ്ജുശ്രീ പൊന്നുരച്ചിട്ടതിനുപെരുകിടും
മാറ്റുനോക്കേണമെന്നേ
രഞ്ജിക്കുംമട്ടതിൽപെട്ടൊരു മഹിമ പരി-
സ്പഷ്ടമായിട്ടു കിട്ടൂ.


പോറ്റുംപ്രമോദമൊടു മൽസഖനാം മുരിങ്ങൂർ
പോറ്റിദ്വിജേന്ദ്രനെഴുതീടിന ചാരുപത്രം
തെറ്റന്നുവേണ്ട വഴിയഞ്ചൽ വഴിക്കു വന്നു
തെറ്റെന്നിയേ മമ കരത്തിലണഞ്ഞു പണ്ടേ.