Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 100

100 കുട്ടിപ്പാറുഅമ്മക്കു

കുട്ടിപ്പാറു പറഞ്ഞയച്ച വിവരം
നമ്പ്യാരനൽപ്പാദരാ-
ലൊട്ടുക്കിങ്ങുരചെയ്തനേരമധികം
സന്തോഷമുണ്ടായി മേ
പിട്ടല്ലേ പറയാം പയോജനയനേ!
നോംതമ്മിൽ മുന്നംകഴി-
ഞ്ഞിട്ടുള്ളാരു വിശേഷശാർത്തകൾ വിശേ-
ഷിച്ചും വിചാരിച്ചു ഞാൻ.


പണ്ടാപ്പൂർണ്ണത്രയീശാലയമതിലൊരുമി-
ച്ചങ്ങിനേ വാണതെല്ലാ-
മുണ്ടോ ചിത്തത്തിലിപ്പോൾ കുവലയനയനേ!
കേവലം വിട്ടുപോയോ?
കണ്ടീടാഞ്ഞാൽ മറക്കും ശശധരമുഖിമാർ
പൂർവ്വവൃത്താന്തമെന്നായ്
ക്കൊണ്ടോതും വാക്കു കൊണ്ടർക്കുഴൽമണി! ശരിയ-
ല്ലെന്നുതോന്നിത്തുടങ്ങി.


കന്ദപ്പന്റെ ജയാങ്കമാം കൊടിമര-
ത്തിന്നുള്ളലങ്കാരമായ്
നിന്നേറെത്തിറമാർന്നുകൊണ്ടു വിലസും
പൊന്നുംപതാകേ! ശുഭേ!
നന്നായ് ത്താവകവര്‍ത്തമാനമഖിലം
ചോദിച്ചറിഞ്ഞെങ്കിലും
ധന്യേ! കാൺമതിനുണ്ടിനിയ്ക്കു വളരെ-
ക്കൌതൂഹലം കാമിനി!


എന്നാൽതെല്ലൊരു ദീനമായതുവശാ-
ലില്ലത്തിരിപ്പാണു ഞാൻ
നന്നായ് പത്ഥ്യവുമാചരിച്ചു മറിമാൻ-
നേർകണ്ണിമാർമൌലികേ!
എന്നാലും ഭവദീയദർശനമതി-
ന്നായിട്ടു വൈകാതെ ക-
ണ്ടൊന്നങ്ങോട്ടുവരേണമെന്നു കരുതീ-
ടുന്നൂ കരിങ്കാർകചേ!


ഭാഷാനാടകമൊന്നുതീർത്തു വഷളാ-
ണെന്നാകിലും പുസ്തകം
യോഷാഭൂഷണരത്നമ! ഭവതിക-
ണ്ടീടാനയക്കുന്നു ഞാൻ
ദോഷംനോക്കിലനേകമുണ്ടതിലതെ-
ന്നാലുംമുരാരാതിതൻ
തോഷത്തിന്നൊരു മുഖ്യകാരണമതായ്
വന്നീടുമെന്നെൻമതം.


മറുപടിയതു കാൺമാൻ കാത്തിരിക്കുന്നു പാരം
മറിമൃഗമിഴിയാളേ! മത്തമാതാംഗയാനേ!
കുറയരുതായി പഥ്യം വർത്തമാനങ്ങളെല്ലാ-
മറിയുകിലൊരുതോഷം വേറെയൊന്നേറെയുണ്ട്.