Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 96

96 കുഞ്ഞിക്കുട്ടന്‍തമ്പുരാനു്

ചിത്തതാരിലതിരാഗമോടു പൂ-
മെത്തകേറി മലർബാണസംഗരേ
സത്യഭാമയുടെ കോമളാനനം
മുത്തിയോരു മുകിൽവർണ്ണനെത്തൊഴാം.


പുതുസുമമധുതോൽക്കും തേ
കൃതി മമ കരതാരിലെത്തിയെന്നല്ല
അതുലിതപരമാനന്ദവു-
മതിനാലുളവായിവന്നു ചിത്തത്തിൽ.


എന്നാലതിന്നുത്തരമന്നയപ്പാ-
നെന്നാൽ കഴിഞ്ഞീലതമാന്തമായി
വന്നോരു തെറ്റിന്നൊരു മാപ്പുതാങ്കൾ
തന്നീടണം സേവകനാമിനിയ്ക്കു.


വിശേഷമായിച്ചിലതുള്ളതെല്ലാം
വിശാലബുദ്ധേ! പറയാം പതുക്കെ
അശേഷമോതുന്നതിനോര്‍ത്തിടുമ്പോ-
ളശക്തനാണെങ്കിലുമായതായി.


വസ്തിനാലഞ്ചുനാളായി നിര്‍ത്തി ഞാനറിവാൻ ഫലം
വ്യത്യാസമതിനാലൊന്നും പ്രത്യേകിച്ചില്ല ചൊല്ലുവാൻ


മസൂരി ചാലക്കുടിതന്നിലിപ്പോൾ
വിസാരിയായ് വന്നതു കാരണത്താൽ
അസാരമല്ലേ വലയുന്നു ലോകം
സുസാധുബുദ്ധേ! സൂകവീന്ദ്രമുത്തേ!


ചൊല്ക്കൊള്ളും പാടിവട്ടത്തതികഠിനമതി-
ദ്ദീനമന്തര്‍ജ്ജനത്തി-
നിക്കാലം വന്നുവെന്നല്ലറിയുക പറയാ-
മൊമ്പതാംമാസമായി
കേൾക്കുന്നേരത്തസഹ്യം സുകവിവരമണേ!
പാര്‍വ്വതീപ്രാണനാഥൻ
തൃക്കണ്ണിൽ ജാതയാമ ബ്ഭഗവതി കൃപയാ
കാത്തു രക്ഷിച്ചിടട്ടേ.


മാര്‍ത്താണ്ഡനോവലൊരുവട്ട മിനിയ്ക്കു നോക്കാ-
നോര്‍ത്തീടിലാര്‍ത്തി മനതാരിൽ വളർന്നിടുന്നു
കീര്‍ത്തിപ്പെടുന്നൊരു ഭവാനതുതാൻ തപാലിൽ
ചേര്‍ത്തിങ്ങയയ്ക്കുക സഖേ! തിരിയെത്തരാം ഞാൻ.