Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 92

92 കുഞ്ഞിക്കുട്ടന്‍തമ്പുരാനു്

പാലും നെയ്യും കവർന്നങ്ങിനെ പകലിരവും
നിന്മകൻ കഷ്ടമേറ്റം
മാലുണ്ടാക്കുന്നു ഞങ്ങൾക്കിതി വിവിധതരം
ഗോപിമാർ ചൊൽകമൂലം
കോലും കൊണ്ടമ്മ താഡിപ്പതിന്നധികരുഷാ
ചെന്നു ചേരുന്നനേരം
കോലും മന്ദസ്മിതത്തോടരുളിയ പശുപ-
പ്പൈതലെ ക്കൈതൊഴുന്നേൻ.


അടക്കമോടും ഭവദീയപദ്യ-
മടുക്കെ വന്നായതു കാൺക മൂലം
ഒടുക്കമറ്റുള്ള മഹാപ്രമോദ-
കടൽക്കകത്തായി നമുക്കു വാസം.


ഹേസഖേ! പദ്യമഞ്ചെട്ടാഭാസമാണെന്നിരിക്കിലും
കേ. സി. കേശവപിള്ളക്കായ് കൂസൽ കൂടാതയച്ചുഞാൻ


മാസത്തിനങ്ങോട്ടു വരുന്നതിങ്ക-
ലാസക്തിയുണ്ടെങ്കിലുമെന്തു ചെയ്യാം?
ഹേസത്തമോത്തംസ! നമുക്കു രണ്ടു
മാസത്തിനിങ്ങൊട്ടോരു സൌഖ്യമില്ല.


ദീനത്തൊടൊത്തബ്ബഹളത്തിൽ വന്നു
ഞാനും വശായാലതിനെന്തു സൌഖ്യം
ആനന്ദമില്ലെന്നതുമല്ല പത്ഥ-
മൂനത്തിലായാൽ തകരാറുതന്നെ.