Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 91

91 കെ. സി. കേശവപിള്ളക്ക്

ധന്യന്മാരുടെമൌലിതന്നിലനിശം
മിന്നും ഭവാൻ തത്രനി-
ന്നെന്നിൽപ്രീതിവശാലയച്ച കൃതിയെ-
ച്ചിക്കുന്നു കയ്ക്കൊണ്ടു ഞാൻ
എന്നല്ലായതിലുള്ള ജാത്യമഖിലം
പേര്‍ത്തോര്‍ത്തു നോക്കുമ്പൊളീ
മന്നിൽ താവകതുല്യനില്ല കവിത-
യ്ക്കെന്നൊന്നു തോന്നുന്നുമേ.


ഭാഷാസൽക്കവിസത്തമോത്തമ! സഖേ!
ചൊൽക്കൊണ്ടിടും താങ്കളാ-
ബ്ഭാഷാപോഷിണിയിൽ പ്രധാനവിജയം
പ്രാപിച്ചുവെന്നിങ്ങിനെ
ഘോഷിയ്ക്കുന്നു മഹാജനങ്ങളതുകേ-
ട്ടീടുന്ന നേരം പരം
തോഷം മന്മനതാരിലുണ്ടതു വിശേ-
ഷിച്ചിന്നു ചൊല്ലേണമോ?


ഇന്നാടകത്തിലധികം പുകഴും ഭവാൻതാ-
നെന്നാടകത്തെ മുഴുവൻ പ്രതിപത്തിയോടേ
ഒന്നായിനോക്കിയതുകാരണമെന്മനസ്സിൽ
കുന്നായിവന്നു കുതുകം കവിവീരമൗലേ!


ചോതാരമപ്പത്രികയിൽ ഭവാന്റെ
ചാതുര്യമേറും കൃതി കാൺകമൂലം
ഹേ താങ്കളായ് വേഴ്ച വരേണമെന്നു
ചേതസ്സിൽ മോഹിച്ചു വസിച്ചിരുന്നു.


ഭേഷായിടും നവസുധാരസസാരപൂര-
നിഷ്യന്ദിയാകിയ പദങ്ങളെടുത്തുചേർത്ത്
ശിഷ്യൻ ചമച്ചകൃതിയും കരതാരണഞ്ഞു
പുഷ്യൽപ്രമോദഭരമേറ്റവുമേകിടുന്നു.