പാകാരാതിസുതൻ സുയോധനനൃപൻ
തൊട്ടുള്ള യോദ്ധാക്കൾ പ-
ണ്ടാകെച്ചെന്നുതുടർന്ന ഭാരതമഹാ-
യുദ്ധത്തിൽ ബദ്ധാദരം
പാകം പോലെ രഥംതെളിച്ചു വിജയ-
ത്വം സാര്‍ത്ഥമാക്കിച്ചൊരാ
ശ്രീകൃഷ്ണൻ കരളിൽ കനിഞ്ഞു കളിയാ
ടേണം തരേണം ഗുണം.
ധന്യന്മാരുടെ മൌലിതന്നിലനിശം
മിന്നും ഭവാൻ തത്ര നി-
ന്നെന്നിൽ പ്രീതിവശാലയച്ച കൃതിയെ
ചിക്കന്നു കൈക്കൊണ്ടു ഞാൻ
എന്നല്ലായതിലുള്ള ജാത്യമഖിലം
പേര്‍ത്തോര്‍ത്തു നോക്കുമ്പൊഴീ
മന്നിൽ താവകതുല്യനില്ല കവിത-
യെന്നൊന്നു തോന്നുന്നു മേ
ദൂരത്താവുകയാൽ ഭവാനൊടൊരുമി-
ച്ചുള്ളോരു വാസത്തിനി-
ങ്ങേറെത്താമസമായി വന്നതുവശാൽ
സന്താപമേന്തുന്നു മേ
ചാരത്തായിവരുന്നതിന്നൊരുതരം
വൈകാതെ കിട്ടീടുവാൻ
നീരത്താർശരവൈരിപാദകമലം
നിത്യം നിനയ്ക്കുന്നു ഞാൻ.
പാടവം തെല്ലുമില്ലോര്‍ത്താൽ നാടകത്തിങ്കലെങ്കിലും
പാടുപെട്ടതു ഞാൻ തീർത്തു നാടകം പുകഴും കവേ
അച്ചടിച്ചീടുവാൻ മാത്രം മെച്ചമില്ലെന്നിരിക്കിലും
നിശ്ചയിച്ചതിനായാരംഭിച്ചു വൈകാതെതീർന്നിടും.