സൌന്ദര്യസാര നിലയേ! മദനാന്തകന്നും
കന്ദര്‍പ്പതാപമുളവാക്കിയ വിഷ്ണുമായേ!
നന്ദ്യാമദീയഹൃദയേ പിരിയാതെ കണ്ടു
നിന്നിഷ്ടമേകണമയേ ഭൂവനൈകതായേ
ചൊല്ലേറും കവിമാരെടുത്തണിയുമാ
പ്പൊന്നും കിരീടോജ്വലൽ
ക്കല്ലായോരു ഭവാനിനിയ്ക്കു കൃതിയി-
ങ്ങേകാത്ത മൂലം സഖേ!
വല്ലാതുള്ളൊരു നീരസം വരികയാ
ലല്പം മടിച്ചൂ വെടി-
പ്പില്ലാതൽക്കഥപോട്ടെയാട്ടെയുരചെ-
യ്തീടാം വിശേഷങ്ങളെ
അച്ചുതമേനവനെക്കണ്ടച്ചടിയതിനുള്ള രൂപനൽകീടാൻ
തൃശ്ശിവപേരൂര്‍ക്കിന്നു പുലർച്ചയ്ക്കുമ്പോടുപോയി ശങ്കുണ്ണി
വലിയ കവിസമാജം കോട്ടയത്തുള്ളതിന്നാ-
യലിയുമധികമോദത്തോടു പോയീടുവാൻ മേ
ചിലതടവുകളുണ്ടിങ്ങത്രയല്ലങ്ങു ചെന്നാ-
ക്കലശലിലിവനേറ്റാൽ തോറ്റിടാനാണെളുപ്പം.
മഞ്ജുശ്രീമൻ! മഹാസൽകവിവര സുമതേ!
കോട്ടയത്തേയ്ക്കു പോവാൻ
കുഞ്ഞൻ തമ്പാനു മോഹം മതിയതിലതിയാ-
യുണ്ടു വാക്കിങ്കലെല്ലാം
രഞ്ജിപ്പേറും ഭവാനൊത്തവിടെയണയുവാ-
നാണു താല്പര്യമെന്നും
പഞ്ഞം പാടുന്നതുണ്ടിങ്ങിനെ പലവിധവും
ചെന്നും നോക്കട്ടെയല്ലേ?
എന്നാണു വെൺമണിമഹീസുരമാസമെന്നു
മെന്നാശയത്തിലറിയാനിടവന്നതില്ല
എന്നാൽ ഭവാനവിടെ നിന്നറിയിച്ചുതന്നാൽ
നന്നായിരുന്നു സുമതേ മമതയ്ക്കു പോവാം.