Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 81

81 കുഞ്ഞിരാമവർമ്മ തമ്പുരാന്

വിദ്വജ്ജനങ്ങളഴകോടണിയും ഭവാന്റെ
പദ്യങ്ങൾ കണ്ടുപരമാണ്ടു കുതൂഹലം മേ
ഓര്‍ത്തായതിന്റംമറുകത്തുടനങ്ങയപ്പാ
നൊര്‍ത്തീലിനിയ്ക്കു ചിലജോലികൾ വന്നമൂലം


കോട്ടക്കോവിലകം വെടിഞ്ഞയി ഭവാൻ
പോയോരു കാര്യത്തിനാൽ
കോട്ടം തെല്ലവിടെയ്ക്കു നോക്കിൽ വരുവാ-
നില്ലെന്നിരുന്നീടിലും
ഇഷ്ടന്മാരൊരുമിച്ചുകൊണ്ടു പരമാ-
നന്ദേന വാണീടുവാ-
നൊട്ടും താമസിയാതെ മാളിക പണി-
ഞ്ഞീടാൻ ശ്രമിച്ചീടണം.


കുന്നത്തിന്റെ കുറിയ്ക്കു നാലിലൊരു ഭാ-
ഗത്തിന്നിറങ്ങേണ്ടതും
പിന്നെത്തത്ര നടന്നിടും കുറിയിൽ മൂ-
ന്നൂഴത്തിൽ വെക്കേണ്ടതും
ഒന്നിച്ചാത്മജനേകുമന്നയി ഭവാൻ
ചൊന്നോരു വാക്യത്തെ ഞാ-
നിന്നും വേഴ്ചയൊടോര്‍ത്തിടുന്നു നൃപതേ!
തെറ്റാതെ പറ്റിക്കണം.


കൊല്ലം തികയുന്നേരത്തെല്ലാമെത്തിയ്ക്കിലപ്പൊളതിൽ നിന്നു്
അല്ലേ ഭാരതപുസ്തകമൂല്യം നല്കേണമെങ്കിലതുമാവാം


നാരായണന്റെ ചിലവിന്നൊരു കൊല്ലമാകെ
നേരോടു നോക്കുകിലുറപ്പികയെത്രവേണം
സാരം നമുക്കറിയുവാൻ കൊതിയുണ്ടു ചിത്ത-
താരിങ്കലായതു ഭവാനറിയിച്ചിടേണം.


ചൊല്ലാമീമാസമെട്ടാം ദിനമതിൽ മണി മൂ-
ന്നായി നില്ക്കുന്ന നേരം
നെല്ലായിൽ പെറ്റുപെണ്ണാണതുമവിടെയറി-
ഞ്ഞീടുവാനുള്ളതല്ലേ
തെല്ലും പറ്റീലരിഷ്ടം പ്രസവമതിജവാൽ
തന്നെസാധിച്ചു ഭാഗ്യാ-
ലല്ലാതോര്‍ക്കുന്നനേരത്തിതിലൊരുഗുണവും
ചൊല്ലുവാനില്ല താനും.