Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 80

80 ചെങ്ങനാശ്ശേരി രവിവർമ്മകോയിത്തമ്പുരാനു്

നന്ദ്യാ മനോരമമുഖേന ഭവാനയച്ചു
തന്നോരു ചാരുകൃതികണ്ട കൃതാര്‍ത്ഥനായി
എന്നാലുമുണ്ടുകൊതി കാൺമതിനിന്നിയും മേ
വന്നീല തൃപ്തിലവലേശവുമാശയത്തിൽ.


സാരസ്യകല്പലത പൂത്തൊരു പൂവിൽനിന്നു
ചോരുന്നനന്മധു മുറയ്ക്കൊഴുകും വിധത്തിൽ
ആരുള്ളതിങ്ങിനെ കൃതിപ്പതിനിന്നു പാർത്താൽ
പാരുള്ളതിൽ പറക താങ്കളൊഴിഞ്ഞിദാനീം


പീയ്യൂഷസാര മൊഴുകുംപടിയുള്ള പദ്യം
വയ്യാതെ കണ്ടവിടെനിന്നു വരുന്ന കാൺമാൻ
ഇയ്യുള്ളവന്നു കൊതിയുള്ളതുകൊണ്ടശേഷം
വയ്യെങ്കിലും ചിലതുതീര്‍ത്തെഴുതുന്നു ധീമൻ!


പ്രത്യേകംവഞ്ചിരാജ്ഞീമണിയുടെ സുകൃതം
മൂര്‍ത്തിമത്തായ് ജഗത്തിൽ
പ്രത്യക്ഷപ്പെട്ടിരിക്കുന്നൊരു കവിവരനെ
ക്കാണുവാൻ വൈകിടാതെ
ഓര്‍ത്തീടുന്നുണ്ടു പോകുന്നതിനതുസമയം
തൽസമീപത്തിലും ഞാ-
നെത്തീടും തീച്ചയായിസ്സുകവികളണിയും
പൂർണ്ണപുണ്യാംബുരാശേ!