Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 77

77 കുഞ്ഞിക്കുട്ടൻതമ്പുരാന്

ഒട്ടുപുസ്തകവും ജാത്യപ്പെട്ട പദ്യവുമദ്യ മേ
കിട്ടി ചായിച്ചു സന്തോഷമെട്ടിരട്ടിച്ചു മാനസേ


ചങ്ങാതിയാകിയ ഭവാനൊടുവേർപിരിഞ്ഞി-
ട്ടിങ്ങാശയത്തിലൊരു ലേശവുമില്ല സൌഖ്യം
ഭംഗിക്കുവേണ്ടിയുരചെയ്യുകയല്ലിതൊന്നും
തുംഗപ്രഭാവമിയലും കവിരാജമൌലേ!


കുണ്ടാമണ്ടിവലിച്ചുകെട്ടി വെറുതേ
ശങ്കുണ്ണി തന്മേൗലിയിൽ
കൊണ്ടെറ്റിച്ചിലദുര്‍ജ്ജനങ്ങളതിനാൽ
നന്ദിച്ചുവെന്നാകിലും
ഉണ്ടായീലൊരു സാദ്ധ്യവും തെളിവെടു-
ത്തീടുന്നതിന്നൊന്നുമേ
കണ്ടിടാഞ്ഞതികുണ്ഠിതത്തോടധുനാ
വാഴുന്നു വൈരിവ്രജം;


സന്മാര്‍ഗ്ഗസക്തികലരുന്നൊരു കുഞ്ഞിരാമ-
വര്‍മ്മാഭിധാനനൃവരൻ കഷണിച്ചിടാതെ
അമ്മെട്ടനോടു വിവരം മുഴവൻപറഞ്ഞു
ശിമ്മാതെപോരണമതാണിനി വേണ്ടകാര്യം


ഒന്നിച്ചു പത്തുദിവസം സുഖമായിരിപ്പാ-
നെന്നിങ്ങു വന്നണയുമെന്നതു വൈകിടാതേ
നന്ദിച്ചിനിയ്ക്കെഴുതിടും മറുകത്തുതന്നി-
ലൊന്നോര്‍മ്മ വെച്ചെഴുതുവാൻ മതിവെച്ചിടേണം


കടന്നുഞാൻ രുഗ്മിണിതൻ വിവാഹം
തുടങ്ങി വല്ലെങ്കിലുമായതായി
ഇടയ്ക്കു വീണാ ലവിടയ്ക്കു തന്നേ
പിടിച്ചുകേറ്റുന്നതിനുള്ള ഭാരം.