Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 70

70 കൊച്ചുണ്ണി തമ്പുരാന്

ഇഷ്ടന്മാരിൽ മികച്ചിടുന്ന നടുവ-
ക്ഷ്മാദേവനായോരു ഞാൻ
കെട്ടിത്തീര്‍ത്തൊരു നാടകത്തെയവിടെ-
ക്കാണിയ്ക്കുവാനാദരാ
പുഷ്ടമോദമയച്ചിടുന്നു സുകവേ!
കയ്പറ്റിയാലായതിൽ
പറ്റീടുന്നൊരു ദോഷമാസകലവും
പോക്കിത്തരാറാകണം.

ഗദ്യം പദ്യമതെന്നുവേണ്ട പുനരീ
യങ്കങ്ങളെത്തന്നെയും
വിദ്യാസാഗരമേ! വിശേഷവിധിയായ്
ഭേദപ്പെടുത്തീടുവാൻ
പ്രത്യേകിച്ചു ഭവാനു ഭാരമിനി മേ-
ലെന്നായ് സമര്‍പ്പിച്ചു ഞാ-
നോര്‍ത്താലെന്നുടെ ജോലിയാസകലവും
തീര്‍ത്താണയക്കുന്നത്.

എന്നല്ലഭിപ്രായവുമിന്നിതിങ്കൽ
നന്നായ് ഭവാനൊന്നെഴുതിത്തരേണം
എന്നിട്ടതിൻ സാരമറിഞ്ഞു വേണം
മന്നിൽപരക്കും പടിയച്ചടിപ്പാൻ

അയമഹമിഹ ഖലു ദിനസരി-
നിയമത്തിൽ തെറ്റു ചെറ്റു പറ്റാതെ
നയമൊടു മരുവീടുന്നാ-
മയമെല്ലാം വിട്ടു നല്ലസുഖമാവാൻ