Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 67

67 കുഞ്ഞിക്കുട്ടൻ തമ്പുരാന്

വിട്ട പത്രമൊരു താമസം വിനാ
കിട്ടി മാമക കരത്തിലായത്
പുഷ്ടമോദമുളവാക്കിടുന്നു മേ
പിട്ടുചൊല്ലിടുകയല്ലിതേതുമേ.


കാവിൽ ഭജിക്കുന്നതിനീനിദാഘം
പോവട്ടെയെന്നാലുടനേ വരാം ഞാൻ
വേവുന്നമട്ടൊന്നു വെടിഞ്ഞു ശീത-
മാവട്ടെ ഭൂപൃഷ്ഠമതിങ്കലെല്ലാം.


ചേലില്ലകേട്ടാൽ പരമെങ്കിലും ഞാൻ
നാലങ്കമിപ്പോൾ കൃതിചെയ്തു ധീമൻ!
ചാലേ ഭവാനായതു കാഴ്മതിന്നു
ചാലക്കുടിയ്ക്കൊന്നുടനേ വരേണം.


അങ്ങുന്നുകണ്ടായതു കേടു തീർത്താൽ
തുംഗപ്രഭാവം പരമുൽഭവിക്കും
ഭംഗിയ്ക്കു ചൊല്ലും മൊഴിയല്ലിതൊന്നും
മംഗല്യമൂര്‍ത്തേ! മഹനീയകീര്‍ത്തേ!


കാന്താരവാസത്തിനു പാണ്ഡവന്മാ-
രന്ധത്വമുൾക്കൊണ്ടു ഗമിച്ചുകാലം
കുന്തിയ്ക്കിരിപ്പാൻ സ്ഥലമേതു പാര്‍ത്താ-
ലെന്തൊക്കയാണില്ലൊരു നിശ്ചയംമേ.