Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 65

65 കുഞ്ഞിരാമവർമ്മ തമ്പുരാന്

മിത്രത്വമേറുന്ന ഭവാനയച്ച
ചിത്രങ്ങളെന്നല്ലിതരങ്ങളും മേ
കയ്ത്താരിലെത്തീട്ടതിനാൽ പ്രമോദം
തത്തിക്കളിയ്ക്കുന്നു മനക്കുരുന്നിൽ.


സായംസമയം പുഴയിൽ
പോയിപ്പോരുന്നതുണ്ടു നിത്യം ഞാൻ
ആയതിനുണ്ടൊരു സുഖമി-
ന്നായാസംകൊണ്ടുമില്ല തേറ്റേതും.


മോടികലർന്നൊരു കവിവര!
നാടകമോര്‍ത്തൊന്നിനിക്കു കൃതിചെയ്‍വാൻ
കൂടും കൌതുകമുണ്ടതു
കൂടെക്കൊട്ടുന്നിതാജ്ഞ തന്നീടാൻ


സുകവേ! കഥയോര്‍ക്കുമ്പോൾ വകധാരാളമെങ്കിലും
ഭഗവദ്ദൂതിലാണിപ്പോളതാരലിയുന്നതു്.


ഈ വിവരങ്ങളശേഷം
ഭൂവര! കൊച്ചുണ്ണിരാജരാജന്നും
ആ വേഗത്തൊടു മതിയതി-
ലാവുന്നതിനോയിടട്ടെ മൽതനയൻ.


കാവിൽ മരുത്താമ്പിള്ളിയ-
താം വസുധാദേവനിപ്പൊളിദ്ദിക്കിൽ
ഭൂവര! വന്നിട്ടുണ്ടറി-
കാവിലമെന്യേ കുളിച്ചുപാര്‍ത്തീടാൻ.


സത്തോര്‍ത്തിടുന്ന ചില സൽകഥവായനയ്ക്കായ്
പൃത്ഥ്വീശ! നിത്യമൊരു ശാസ്ത്രികളോടുകൂടി
പുത്തൻമഠത്തിലെഴുമൂട്ടുപുരയ്ക്കകത്താ-
ണത്യന്തമോദമൊടയാളമരുന്നതിപ്പോൾ.